ഏഷ്യ കപ്പിൽ ഇന്നത്തെ സൂപ്പര്‍ 4 മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും നൽകിയത്. ഒന്നാം വിക്കറ്റിൽ 80 റൺസ് നേടിയ ശേഷം ഗില്ലിനെ വെല്ലാലാഗേ പുറത്താക്കിയപ്പോള്‍ പിന്നീട് കണ്ടത് ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകരുന്നതാണ്.
19 റൺസ് നേടിയ ഗില്ലിന് പിന്നാലെ വെല്ലാലാഗേയുടെ അടുത്ത ഓവറിൽ വിരാട് കോഹ്‍ലി പുറത്തായപ്പോള്‍ അതിന്റെ തൊട്ടടുത്ത ഓവറിൽ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടി വെല്ലാലാഗേ ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. 53 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. 80/0 എന്ന നിലയിൽ നിന്ന് 91/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ഇഷാന്‍ കിഷനും കെഎൽ രാഹുലും ചേര്‍ന്ന് മുന്നോട്ട് നയിച്ചുവെങ്കിലും 39 റൺസ് നേടിയ രാഹുലിനെ വെല്ലാലാഗേ പുറത്താക്കുകയായിരുന്നു. ഇഷാന്‍ കിഷനെ(33) അസലങ്ക പുറത്താക്കിയപ്പോള്‍ ഇന്ത്യ 170/5 എന്ന നിലയിലേക്ക് വീണു.
പിന്നീട് അസലങ്ക ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെടുത്തപ്പോള്‍ ഇന്ത്യ 47 ഓവറിൽ 197/9 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. വെല്ലാലാഗേ അഞ്ചും അസലങ്ക നാല് വിക്കറ്റും നേടി. പിന്നീട് മഴ മാറി മത്സരം പുരോഗമിച്ചപ്പോള്‍ ഇന്ത്യ 213 റൺസിന് പുറത്തായി. 26 റൺസുമായി അക്സര്‍ പട്ടേൽ ആണ് ഇന്ത്യയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. താരത്തെ മഹീഷ് തീക്ഷണയാണ് പുറത്താക്കിയത്.