ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ സീനിയര്‍ താരങ്ങളായ തമീം ഇക്ബാലിന്റെയും ലിറ്റൺ ദാസിന്റെയും അഭാവം തിരിച്ചടിയായി എന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. ഏത് ടീമിനായാലും ഇവരെപ്പോലുള്ള കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്തുക പ്രയാസകരമാണെന്നും അതാണ് ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പിന്നിൽ പോകുവാന്‍ കാരണമായതെന്നും ഹതുരുസിംഗ പറഞ്ഞു.
തമീം പുറംവേദന കാരണം ടൂര്‍ണ്ണമെന്റിൽ നിന്ന് വിട്ട് നിൽക്കുമ്പോള്‍ പനി മാറാത്തതിനാൽ ലിറ്റൺ ദാസിന് പകരം അനാമുള്‍ ഹക്ക് ആണ് ടീമിലേക്ക് എത്തിയത്. ബാറ്റിംഗ് പരാജയമായപ്പോള്‍ ബംഗ്ലാദേശിന് ശ്രീലങ്കയ്ക്കെതിരെ 164 റൺസ് മാത്രമേ നേടാനായുള്ളു. മൊഹമ്മദ് നൈയിം – തന്‍സിദ് തമീം എന്നിവരെ ബംഗ്ലാദേശ് ഓപ്പണര്‍മാരായി പരിഗണിച്ചപ്പോള്‍ ഇരുവരും യഥാക്രമം 16, 0 എന്നീ സ്കോറുകള്‍ക്കാണ് പുറത്തായത്.
വരും മത്സരങ്ങളിൽ തന്റെ ടീമിലെ യുവ താരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യ കോച്ച് പ്രതികരിച്ചു.