സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസിനെ അന്വേഷണ വിധേയനായി ഫിഫ സസ്‌പെന്റ് ചെയ്തു. 90 ദിവസത്തേക്ക് ആണ് ഫിഫ റൂബിയാലസിനെ സസ്‌പെന്റ് ചെയ്തത്. വനിത ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെർമോസയെ അനുവാദം ഇല്ലാതെ ചുണ്ടിൽ ചുംബിച്ച റൂബിയാലസിന്റെ നടപടി ഫുട്‌ബോൾ ലോകത്ത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. താൻ രാജി വെക്കില്ല എന്നു റുബിയാലസ് പ്രഖ്യാപിച്ചതും വിവാദം കടുപ്പിച്ചു. നിലവിൽ റൂബിയാലസിനോട് ഹെർമോസയെ ബന്ധപ്പെടാൻ പാടില്ല എന്നും ഫിഫ പറഞ്ഞിട്ടുണ്ട്.
അതേസമയം എല്ലാവരെയും ഞെട്ടിച്ചു ഹെർമോസക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നു സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സ്പാനിഷ് ടീമിൽ റുബിയാലസിനെ മാറ്റുന്നത് വരെ ഇനി കളിക്കില്ലെന്നു ലോകകപ്പ് ജയിച്ച മുഴുവൻ താരങ്ങൾ അടക്കം എല്ലാവരും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്പാനിഷ് ലോകകപ്പ് ടീമിലെ മുഖ്യ പരിശീലകൻ ഹോർജെ വിൽഡ ഒഴിച്ചു എല്ലാ പരിശീലക അംഗങ്ങളും രാജി വെച്ചത് ആയും റിപ്പോർട്ട് വന്നു. റുബിയാലസിന് എതിരെ ലാ ലീഗ ക്ലബ് സെവിയ്യയും ഔദ്യോഗികമായി രംഗത്ത് വന്നു.