ഹേയ് ജൂഡ്!!! വീണ്ടും ഗോൾ, റയൽ മാഡ്രിഡിന് മൂന്നാം വിജയം

Newsroom

റയൽ മാഡ്രിഡ് വിജയം തുടരുന്നു. ജൂഡ് ഗോളടിയും. ഇന്ന് ഒരു പെനാൾട്ടി നഷ്ടമാക്കിയെങ്കിലും റയൽ മാഡ്രിഡ് എവേ മത്സരത്തിൽ സെൽറ്റ വീഗോയെ തോൽപ്പിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ സെലറ്റ വിഗോ ഗോൾ കണ്ടെത്തി. പക്ഷെ റയലിന് ആശ്വാസമായി ഗോൾ നിഷേധിക്കപ്പെട്ടു എന്ന് വിധി വന്നു‌‌.

Picsart 23 08 26 02 41 48 565

ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന് അധികം അറ്റാക്ക് ചെയ്യാൻ ആയില്ല. മത്സരത്തിന്റെ 17ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ പരിക്കേറ്റ് കളം വിട്ടതും റയൽ മാഡ്രിഡിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ റോഡ്രിഗോ റയൽ മാഡ്രിഡിന് ഒരു പെനാൾട്ടി വഴങ്ങി. എന്നാൽ പെനാൾട്ടി കിക്ക് എടുത്ത റോഡ്രിഗോക്ക് പിഴച്ചു. സ്കോർ ഗോൾ രഹിതമായി തന്നെ തുടർന്നു.

81ആം മിനുട്ടിലാണ് ജൂഡ് റയലിന് ലീഡ് നൽകിയത്‌. ഒരു കോർണറിൽ നിന്ന് ഹൊസെലും ഒരു ഫ്ലിക്ക് ഹെഡറിലൂടെ ജൂഡിനെ കണ്ടെത്തി. ജൂഡ് തന്റെ തല കൊണ്ട് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. ജൂഡ് ബെല്ലിങ്ഹാം റയലിനായി മൂന്ന് മത്സരങ്ങളിൽ നിന്നായി 4 ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തു കഴിഞ്ഞു.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റ് ആണ് റയലിന് ഉള്ളത്. സെൽറ്റക്ക് ഇതുവെ ഒരു പോയിന്റും നേടാൻ ആയിട്ടില്ല.