ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി ജമൈക്കയുടെ ഡാനിയേല വില്യംസ്. 8 വർഷങ്ങൾക്ക് ശേഷം തന്റെ സ്വർണ നേട്ടം ഡാനിയേല ആവർത്തിക്കുക ആയിരുന്നു. 12.43 സെക്കന്റിൽ ആണ് താരം 100 മീറ്റർ താണ്ടിയത്. 12.44 സെക്കന്റിൽ ഓടിയെത്തിയ പോർട്ടോ റിക്കോയുടെ ജാസ്മിൻ കമാച്ചോ-ക്വിൻ വെള്ളി മെഡൽ നേടിയപ്പോൾ അമേരിക്കയുടെ കെന്ത്ര ഹാരിസൺ വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ അന്റോണിയോ വാട്സൺ സ്വർണം നേടി.
ഇന്നേവരെ 45 സെക്കന്റിൽ 400 മീറ്റർ പൂർത്തിയാക്കാത്ത താരം അപ്രതീക്ഷിതമായി ആണ് സ്വർണം നേടിയത്. 44.22 സെക്കന്റ് സമയം ആണ് അന്റോണിയോ വാട്സൺ 400 മീറ്റർ ഓടി തീർക്കാൻ എടുത്ത സമയം. ബ്രിട്ടന്റെ മാറ്റ് ഹഡ്സൺ-സ്മിത്ത് വെള്ളി നേടിയപ്പോൾ കരിയറിലെ മികച്ച സമയം കുറിച്ച അമേരിക്കൻ താരം ക്വുൻസി ഹാൾ വെങ്കലം നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 51.70 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ഡച്ച് താരം ഫെംകെ ബോൽ സ്വർണം നേടി. 4×400 മീറ്റർ മിക്സഡ് റിലെയിൽ താഴെ വീണത് കാരണം മെഡൽ നഷ്ടമായ താരത്തിന് ഈ സ്വർണ നേട്ടം വലിയ തിരിച്ചു വരവായി.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പ് വെള്ളി നേടിയ താരം അത് ഇത്തവണ സ്വർണം ആക്കി മാറ്റുക ആയിരുന്നു. അമേരിക്കയുടെ ഷാമിയർ ലിറ്റിൽ വെള്ളി മെഡൽ നേടിയപ്പോൾ ജമൈക്കയുടെ റഷെൽ ക്ലയ്റ്റൺ വെങ്കലം നേടി. വനിതകളുടെ ഹാമർ ത്രോയിൽ കാനഡയുടെ കാമറെയിൻ റോജേഴ്സ് സ്വർണം നേടി. 77.22 മീറ്റർ ദൂരം എറിഞ്ഞാണ് റോജേഴ്സ് സ്വർണം നേടിയത്. ഹാമർ ത്രോയിൽ പുരുഷന്മാരുടെ സ്വർണവും കാനഡക്ക് ആയിരുന്നു. അമേരിക്കയുടെ ജാനീ കാസനവോയിഡ് ഹാമർ ത്രോയിൽ വെള്ളി മെഡൽ നേടിയപ്പോൾ മറ്റൊരു അമേരിക്കൻ താരമായ ഡിഅന്ന പ്രൈസ് വെങ്കല മെഡൽ നേടി.