21 കാരനായ ആഴ്സണൽ മുന്നേറ്റനിര താരം ഫോളാരിൻ ബലോഗൻ ഫ്രഞ്ച് ലീഗ് 1 ക്ലബ് എ.എസ് മൊണാകോയിൽ ചേരും എന്നു റിപ്പോർട്ട്. നേരത്തെ അമേരിക്കൻ താരത്തിന് ആയി മൊണാകോ മുന്നോട്ട് വെച്ച 40 മില്യൺ യൂറോയുടെ ഓഫർ ആഴ്സണൽ നിരസിച്ചിരുന്നു. നിലവിൽ താരത്തിന് ആയി 45 മില്യൺ യൂറോ നൽകാം എന്ന മൊണാകോ ഓഫർ ആഴ്സണൽ സ്വീകരിച്ചത് ആയി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ചു കാര്യങ്ങൾ ഇനിയും തീരുമാനം ആവാൻ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആഴ്സണൽ സമ്മതം മൂളി എന്നാണ് റിപ്പോർട്ട്. 5 വർഷത്തെ കരാർ ആവും അമേരിക്കൻ താരം മൊണാകോയിൽ ഒപ്പ് വെക്കുക എന്നും റിപ്പോർട്ട് പറയുന്നു.
ഡീൽ പൂർത്തിയായാൽ ആഴ്സണൽ വിൽക്കുന്ന ഏറ്റവും വില കൂടിയ താരം ആയി മുൻ അക്കാദമി താരം മാറും. എട്ടാമത്തെ വയസ്സിൽ തന്നെ ആഴ്സണൽ അക്കാദമിയിൽ ചേർന്ന താരം 2020 ൽ സീനിയർ ടീമിന് ആയി അരങ്ങേറ്റം കുറിച്ചു എങ്കിലും ഇംഗ്ലീഷ് ക്ലബിന് ആയി 10 മത്സരങ്ങൾ മാത്രം ആണ് കളിച്ചത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് റെയ്മ്സിൽ ലോണിൽ കളിച്ച ബലോഗൻ ഫ്രഞ്ച് ലീഗിൽ 37 കളികളിൽ നിന്നു 21 ഗോളുകൾ നേടി ഫ്രാൻസിൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരം ആയിരുന്നു. നേരത്തെ താരത്തിന് ആയി ഇന്റർ മിലാൻ, ചെൽസി, ടോട്ടനം ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരത്തിന് ആയി ആഴ്സണൽ ആവശ്യപ്പെടുന്ന വലിയ തുക കാരണം ടീമുകൾ പിന്മാറുക ആയിരുന്നു.