മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ സിറ്റിയിൽ തന്നെ തുടരും. മാഞ്ചസ്റ്റർ സിറ്റിയിൽ ബെർണാർഡോ സിൽവ 2026 വരെ നീണ്ടു നിൽക്കുന്ന ഒരു കരാർ ഒപ്പുവെച്ചതായൊ ക്ലബ് തന്നെ പ്രഖ്യാപിച്ചു. ബെർണാർഡോ സിൽവ താരത്തിന്റെ കരാറിലെ അവസാന വർഷത്തിലായിരുന്നു. പെപ് ഗ്വാർഡിയോളയുടെ നിരന്തരമായ ശ്രമം ആണ് ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിക്കാൻ പ്രധാന കാരണം.
നല്ല ഓഫർ വന്നാൽ സിൽവയെ ക്ലബ് വിടാൻ അനുവദിക്കും എന്ന് സിറ്റി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പി എസ് ജിയോ ബാഴ്സലോണയോ ബെർണാഡോക്ക് വലിയ ഓഫറുമായി രംഗത്ത് വന്നില്ല. ആകെ വന്ന ഓഫർ സൗദി അറേബ്യയിൽ നിന്നായിരുന്നു. എന്നാൽ ബെർണാഡോ ആഗ്രഹിച്ചത് ബാഴ്സലോണയിലേക്ക് പോകാൻ മാത്രമായിരുന്നു. ബാഴ്സലോണ ഓഫറുമായി വരാത്തതോടെ താരം സിറ്റിയിൽ തന്നെ തുടരാൻ ആലോചിക്കുകയായിരുന്നു. പെപ് ഗ്വാർഡിയോളയുമായുള്ള സംസാരങ്ങളും താരം സിറ്റിയിൽ കരാർ ഒപ്പുവെക്കാൻ കാരണമായി.
കഴിഞ്ഞ സീസണിൽ സിറ്റിയുടെ ട്രെബിൾ നേട്ടത്തിൽ ബെർണാഡോ വലിയ പങ്കുവഹിച്ചിരുന്നു. 2017 മുതൽ ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. മൊണാക്കോയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയ ശേഷം 14 കിരീടങ്ങൾ താരം സിറ്റിക്ക് ഒപ്പം നേടി.