ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റിലെ ആദ്യ ലോക റെക്കോർഡ് പിറന്നു. 4×400 മീറ്റർ മിക്സഡ് റിലെയിൽ അമേരിക്കൻ ടീം ആണ് ലോക റെക്കോർഡ് സമയം കുറിച്ചത്. 3:08.80 മിനിറ്റ് എന്ന റെക്കോർഡ് സമയം കുറിച്ച അമേരിക്ക ലോക റെക്കോർഡും സ്വർണ മെഡലും സ്വന്തം പേരിലാക്കി. ബ്രിട്ടൻ വെള്ളി മെഡൽ നേടിയപ്പോൾ ചെക് റിപ്പബ്ലിക് വെങ്കലം നേടി. റേസിൽ അവസാന 15 മീറ്റർ വരെ മുന്നിൽ ഉണ്ടായിരുന്നത് ഹോളണ്ട് ആയിരുന്നു.
എന്നാൽ അവസാന ലാപ്പ് ഓടിയ ഫെംകെ ബോൽ അവസാന നിമിഷം വീഴുക ആയിരുന്നു. തുടർന്ന് താരം ഓടി മൂന്നാമത് എത്തിയെങ്കിലും കയ്യിൽ ബാറ്റൺ ഇല്ലാത്തത് കാരണം അവർ അയോഗ്യരാക്കപ്പെട്ടു. അതേസമയം പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അമേരിക്കൻ താരം റയാൻ ക്രൗസർ ഒരിക്കൽ കൂടി വിസ്മയം ആയി. 23.51 മീറ്റർ ദൂരം എറിഞ്ഞ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ താരം ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു. തന്റെ തന്നെ ലോക റെക്കോർഡിന് 5 സെന്റി മീറ്റർ മാത്രം കുറവ് ആണ് ഇത്. ഇറ്റലിയുടെ ലിയാൻഡ്രോ ഫാബ്രി വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ജോ കൊവാക്സ് വെങ്കലം നേടി.
വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ എത്യോപ്യൻ സമഗ്രാധിപത്യം ആണ് കാണാൻ ആയത്. 31:27.18 മിനിറ്റിൽ ഓടിയെത്തിയ ഗുഡഫ് സെഗയ് ആണ് സ്വർണം നേടിയത്. എത്യോപ്യയുടെ തന്നെ ഗിഡയെ വെള്ളി നേടിയപ്പോൾ തായെ വെങ്കലം നേടി. ഒന്നാം സ്ഥാനം നേടും എന്നു തോന്നിപ്പിച്ച ഡച്ച് സൂപ്പർ താരം സിഫാൻ ഹസ്സൻ അവസാന നിമിഷങ്ങളിൽ വീണത് സങ്കട കാഴ്ചയായി. അതേസമയം ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം 20 മീറ്റർ നടത്തത്തിൽ സ്‌പെയിനിന്റെ അൽവാരോ മാർട്ടിൻ ആണ് നേടിയത്. ഒരു മണിക്കൂർ 17 മിനിറ്റ് 32 സെക്കന്റിൽ ആണ് മാർട്ടിൻ നടത്തം പൂർത്തിയാക്കിയത്. സ്വീഡന്റെ പെർസുസ് കാൾസ്‌ട്രോം വെള്ളി നേടിയപ്പോൾ ബ്രസീലിന്റെ ബോൻഫിം വെങ്കലം നേടി.