പുതിയ ബുണ്ടസ് ലീഗ സീസണിൽ ജയത്തോടെ തുടങ്ങി സാവി അലോൺസോയുടെ ബയേർ ലെവർകുസൻ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലെവർകുസൻ മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ലൈപ്സിഗിന് ആണ് നേരിയ മുൻതൂക്കം ഉണ്ടായിരുന്നത്. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ വിക്ടർ ബോണിഫേസിന്റെ പാസിൽ നിന്നു ജെറമി ഫ്രിമ്പോങ് ആണ് ലെവർകുസന്റെ ആദ്യ ഗോൾ നേടിയത്. 35 മത്തെ മിനിറ്റിൽ യൊനാസ് ഹോഫ്മാന്റെ ക്രോസിൽ നിന്നു ജൊനാഥൻ താ ഹെഡറിലൂടെ ലെവർകുസനു രണ്ടാം ഗോളും നേടി നൽകി.
തുടർന്ന് നാലു മിനിറ്റിനുള്ളിൽ ഡേവിഡ് റോമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഡാനി ഓൽമ ലൈപ്സിഗിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഫ്രിമ്പോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ഫ്ലോറിയൻ വിർറ്റ്സ് ലെവർകുസനു മൂന്നാം ഗോൾ നേടി നൽകി. 7 മിനിറ്റിനുള്ളിൽ ഒരു ഗോൾ മടക്കാൻ ലൈപ്സിഗിന് ആയി. മുഹമ്മദ് സിമാകന്റെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ലോയിസ് ഒപെണ്ടയാണ് അവരുടെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയുള്ള ലൈപ്സിഗ് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ആദ്യ മത്സരത്തിൽ വോൾവ്സ്ബർഗ്, സ്റ്റുഗാർട്ട്, ഫ്രയിബർഗ് ടീമുകൾ ജയം കണ്ടപ്പോൾ ഓഗ്സ്ബർഗ്, ഗ്ലബാക് മത്സരം 4-4 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു.