നാപോളിയുടെ മാനേജർ ആയിരുന്ന ലൂസിയാനോ സ്പല്ലെറ്റി ഇനി ഇറ്റലി ദേശീയ ടീമിന്റെ പരിശീലകൻ. കഴിഞ്ഞ ദിവസം പരിശീലക സ്ഥാനം ഒഴിഞ്ഞ മാഞ്ചിനിക്ക് പകരം ആണ് സ്പലെറ്റി അസൂറികളെ പരിശീലിപ്പിക്കാൻ എത്തുന്നത്. 2026വരെയുള്ള കരാർ സ്പല്ലെറ്റി ഒപ്പുവെച്ചു. അടുത്ത ലോകകപ്പ് വരെ അദ്ദേഹമാകും ഇറ്റലിയെ പരിശീലിപ്പിക്കുക. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ ഇറ്റലിക്ക് ആയിരുന്നില്ല.
കഴിഞ്ഞ സീസണിൽ നാപോളിയെ സീരി എ കിരീടത്തിലേക്ക് നയിച്ച സ്പല്ലെറ്റി തനിക്ക് വിശ്രമം വേണം എന്നു പറഞ്ഞാണ് നാപോളി പരിശീലക സ്ഥാനം ഒഴിഞ്ഞത്. നാപ്പോളിയുടെ മൂന്ന് ദശകങ്ങളായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് ആണ് അദ്ദേഹം അവസാനിപ്പിച്ചത്. 64കാരനായ പരിശീലകൻ 2021ൽ ആയിരുന്നു നാപോളിയുടെ ചുമതലയേറ്റത്.
റോമ, ഇന്റർ മിലാൻ, ഉഡിനെസെ തുടങ്ങിയ ക്ലബുകളെ മുമ്പ് സ്പല്ലെറ്റി പരിശീലിപ്പിച്ചിട്ടുണ്ട്.