വനിതാ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആതിഥേയരായ ഓസ്ട്രേലിയ സെമി ഫൈനലിൽ. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ ഓസ്ട്രേലിയ ഫ്രാൻസിനെ മറികടക്കുകയായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ പത്ത് പെനാൾട്ടികൾ ഇരു ടീമും എടുക്കേണ്ടി വന്നു വിജയികളെ തീരുമാനിക്കാൻ. ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് സെമി ഫൈനൽ പ്രവേശമാണിത്.
ഇന്ന് ഓസ്ട്രേലിയയും ഫ്രാൻസും തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോൾ വീണില്ല എങ്കിലും ഒരു ഗംഭീര എന്റർടെയ്നറായിരുന്നു ഇന്നത്തെ മത്സരം. അറ്റാക്ക് ചെയ്ത് കളിച്ച ഓസ്ട്രേലിയ തന്നെ കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. പക്ഷെ പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മാത്രം ഓസ്ട്രേലിയക്ക് ആയില്ല. സാം കെർ ഇന്ന് ആദ്യ ഇലവനിൽ ഇല്ലാതിരുന്നതും ഓസ്ട്രേലിയയുടെ ഫിനിഷിംഗിനെ ബാധിച്ചു.
യുവതാരം മേരി ഫൗളർ നല്ല പ്രകടനം ഓസ്ട്രേലിയക്ക് ആയി കാഴ്ചവെച്ചു. എലിസ ദി അൽമേഡയുടെ ഒരു മികച്ച ബ്ലോക്ക് ഫ്രാൻസിനെ ഗോൾ വഴങ്ങാതെ കാത്തു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ ക്യാപ്റ്റൻ സാം കെർ കളത്തിൽ ഇറങ്ങി. 90 മിനുട്ടും ഗോൾ വീഴാതായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങിയപ്പോൾ ഫ്രാൻസ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഓസ്ട്രേലിയൻ കീപ്പർ മക്കെൻസി അർനോൾഡിന്റെ നല്ല സേവുകൾ വേണ്ടി വന്നു കളി സമനിലയിൽ നിൽക്കാൻ. അവസാനം പെനാൾട്ടിക്ക് മുമ്പ് ഫ്രാൻസ് ഗോൾ കീപ്പർ ഡുറാണ്ടിനെ കളത്തിൽ എത്തിച്ചു. കളി പെനാൾട്ടിയിലേക്കും നീങ്ങി.
സെൽമ ബാഷ എടുത്ത ആദ്യ കിക്ക് മക്കെൻസി അർനോൾഡ് തടഞ്ഞു. ഫൂർഡ് ഓസ്ട്രേലിയയുടെ ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ഓസ്ട്രേലിയ 1-0ന് മുന്നിൽ. ഫ്രാൻസിന്റെ രണ്ടാം കിക്ക് ഡിയാനി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ഓസ്ട്രേലിയയുടെ കാറ്റ്ലിയുടെ കിക്ക് ഡുറാണ്ട് തടഞ്ഞു. സ്കോർ 1-1.
വെൻഡി എടുത്ത പെനാൾട്ടി കിക്കുൻ സാം കെർ എടുത്ത കിക്കും ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 2-2 ആയി. ലെ സൊമ്മറിന്റെ കിക്ക് വലയിൽ എത്തിയതോടെ ഫ്രാൻസ് 3-2ന് മുന്നിൽ എത്തി. മേരി ഫൗളർ എടുത്ത ഓസ്ട്രേലിയയുടെ നാലാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-3.
ഫ്രാൻസിന്റെ അഞ്ചാം കിക്ക് എടുത്ത പെരിസെക്ക് ലക്ഷ്യം കാണാൻ ആയില്ല. മക്കെൻസി അർനോൾഡിന്റെ കൈവിരലുകളും പോസ്റ്റും ചേർന്ന് തടഞ്ഞും സ്കോർ 3-3 തന്നെ. അഞ്ചാം കിക്ക് എടുക്കാൻ മക്കെൻസി തന്നെ വന്നു. കിക്ക് ലക്ഷ്യത്തിൽ എത്തിയിരുന്നു എങ്കിൽ ഓസ്ട്രേലിയ സെമിയിൽ എത്തിയേനെ. പക്ഷെ മക്കെൻസിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. സ്കോർ 3-3 തന്നെ. കളി സഡൻ ഡെത്തിലേക്ക്.
ഗെയോരോയും കത്രിന ഗോരിയും സ്കോർ ചെയ്തു. സ്കോർ 4-4. കർഷോയിയും യെല്ലോപും അടുത്ത കിക്കുകൾ വലയിൽ എത്തിച്ചു. 5-5. ഫ്രാംസിന്റെ എട്ടാമത്തെ കിക്ക് ലക്രാർ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 6-5. ഓസ്ട്രേലിയക്ക് ആയി കാരൊഎന്ററും ലക്ഷ്യം കണ്ടു. 6-6. പെനാൾട്ടി കിക്ക് ഒമ്പതാം കിക്കിലേക്ക്. ഒമ്പാതാം കിക്ക് മക്കെൻസി ആദ്യം സേവ് ചെയ്തപ്പോൾ അവർ ഗോൾ ലൈൻ വിട്ടെന്ന് വാർ വിധിച്ചു. ആ കിക്ക് വീണ്ടും എടുത്തപ്പോൾ മക്കെൻസി വീണ്ടും തടഞ്ഞു. ഓസ്ട്രേലിയക്ക് വീണ്ടും വിജയം കയ്യെത്തും ദൂരത്ത്.
വിജയ ഗോളാകുമായിരുന്ന കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ഹണ്ടിനായില്ല. സ്കോർ തുല്യം. പത്താം കിക്ക് എടുത്ത ഫ്രാൻസ് വീണ്ടും ലക്ഷ്യം കണ്ടില്ല. വീണ്ടും ഓസ്ട്രേലിയക്ക് മുന്നിൽ അവസരം. അവസാനം കോർട്നി വൈൻ ആ അവസരം മുതലെടുത്ത് ഓസ്ട്രേലിയയെ സെമി ഫൈനലിലേക്ക് എത്തിച്ചു.