സൗതാപ്റ്റണിന്റെ 19 കാരനായ മധ്യനിര താരം റോമിയോ ലാവിയക്ക് ആയി ചെൽസിയുടെ ആദ്യ ബിഡ്. സൗതാപ്റ്റൺ 50 മില്യൺ പൗണ്ട് ആവശ്യപ്പെടുന്ന താരത്തിന് ആയി ആഡ് ഓണുകൾ അടക്കം 48 മില്യണിന്റെ ഓഫർ ആണ് ചെൽസി മുന്നോട്ട് വെച്ചത് എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ 3 തവണയാണ് താരത്തിന് ആയി രംഗത്ത് വന്ന ലിവർപൂൾ ഓഫർ സൗതാപ്റ്റൺ നിരസിച്ചത്.
മൂന്നാം തവണ 45 മില്യൺ പൗണ്ട് അടുത്തുള്ള ഓഫർ അവസാനം മുന്നോട്ട് വെച്ച ലിവർപൂളിന്റെ നിലപാട് സൗതാപ്റ്റൺ ആവശ്യപ്പെടുന്ന തുക കൂടുതലാണ് എന്നാണ്. കഴിഞ്ഞ സീസണിലും ലാവിയക്ക് ആയി ചെൽസി ശ്രമിച്ചിരുന്നു. നിലവിൽ ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് ആയുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആണ് ചെൽസി വീണ്ടും ലാവിയക്ക് ആയി രംഗത്ത് വന്നത്. മുമ്പ് ആഴ്സണലും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ ഓഫർ ഒന്നും മുന്നോട്ടു വെച്ചിരുന്നില്ല.
ബെൽജിയം ക്ലബിൽ നിന്നു 2020 ൽ മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ ചേർന്ന ലാവിയ അവർക്ക് ആയി 17 മത്തെ വയസ്സിൽ ലീഗ് കപ്പിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2022 ൽ സൗതാപ്റ്റണിൽ 5 വർഷത്തെ കരാർ ആണ് താരം ഒപ്പ് വെച്ചത്. സീസണിൽ ക്ലബ് തരം താഴ്ത്തൽ നേരിട്ടെങ്കിലും സൗതാപ്റ്റണിൽ താരത്തിന്റെ പ്രകടനം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ 34 കളികൾ ആണ് താരം കളിച്ചത്, പ്രീമിയർ ലീഗിൽ 29 കളികളിൽ ഒരു ഗോളും നേടി. അടുത്ത സീസണിൽ താരത്തെ ടീമിൽ തിരിച്ചു എത്തിക്കാനുള്ള ബയ് ബാക് ക്ലോസ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ട്.