ലോപ്പെറ്റ്യൂഗി ടീം വിട്ട് മണിക്കൂറുകൾക്കുളിൽ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു വോൾവ്സ്. മുൻ പ്രീമിയർ ലീഗ് താരവും ബോൺമൗത്ത് പരിശീലകനും ആയിരുന്ന ഗാരി ഓ’നീൽ ആണ് പുതിയ സീസണിൽ ടീമിന് തന്ത്രങ്ങൾ ഓതുക. മൂന്ന് വർഷത്തെ കരാർ ആണ് വോൾവ്സ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗാരി ഓനീലിന് തിരക്കേറിയ ദിനങ്ങൾ തന്നെ ആയിരിക്കും മുന്നിൽ ഉള്ളത് എന്നതിൽ സംശയമില്ല. അദ്ദേഹത്തെ ടീമിലേക്ക് സ്വീകരിക്കുന്നതായി ടീം ഡയറക്ടർ മാറ്റ് ഹോബ്സ് പറഞ്ഞു. വളരെയധികം പ്രചോദനം നൽകുന്ന യുവ കോച്ച് ആണ് ഗാരി എന്നും ടീമിനോടോപ്പം നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിറകെയാണ് ഗാരി ബോൺമൗത്തിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടത്. സ്പാനിഷ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഇരവോളയെ പകരക്കാരനായി എത്തിക്കുകയായിരുന്നു. സീസണിന്റെ തുടക്കത്തിൽ ബോൺമൗത്തിന്റെ കെയർ ടേക്കർ കോച്ച് ആയി തുടങ്ങി പിന്നീട് മാനേജ്മെന്റ് തൽസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ അദ്ദേഹം, ടീമിനെ പ്രിമിയർ ലീഗിൽ തന്നെ നിലനിർത്തുന്നതിൽ വിജയിച്ചിരുന്നു. സീനിയർ ടീം പരിശീലകനായുള്ള ഗാരിയുടെ ആദ്യ സീസണും ആയിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഒട്ടും വൈകാതെ തന്നെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ നീക്കങ്ങളിൽ ഉള്ള അഭിപ്രായ വ്യത്യാസമാണ് വോൾവ്സും ലോപെറ്റ്യൂഗിയും പിരിയാൻ കാരണമായത്. മുഖ്യ താരം റൂബെൻ നെവെസിനെ അടക്കം അവർക്ക് നഷ്ടമായിരുന്നു.
Download the Fanport app now!