വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ സ്വീഡൻ തോൽപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് സ്വീഡൻ നേടിയത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പോയിന്റ് എന്ന സ്വപ്നം ആണ് ഈ അവസാന നിമിഷ ഗോൾ തകർത്തത്.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ ആണ് ദക്ഷിണാഫ്രിക്ക ഗോൾ നേടിയത്. ഹിൽദ മഗായിയ ആണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് നൽകിയത്.
ഈ ഗോളിന് ശേഷം ഉണർന്നു കളിച്ച സ്വീഡൻ ബാഴ്സലോണ താരം ഫ്രിദൊലിന റോൽഫോയിലൂടെ സമനില കണ്ടെത്തി. 65ആം മിനുട്ടിൽ കനെരിഡിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. ഇതിനു ശേഷം സ്വീഡന് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ദക്ഷിണാഫ്രിക്കൻ ഡിഫൻസ് ശക്തമായി പിടിച്ചു നിന്നു.പക്ഷെ 90ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സ്വീഡൻ വിജയ ഗോൾ കണ്ടെത്തി. അസ്ലാനിയുടെ കോർണറിൽ നിന്ന് ഇല്ലെസ്റ്റെഡ് ആണ് വിജയ ഗോൾ നേടിയത്.
ഗ്രൂപ്പ് ജിയിൽ അർജന്റീനയും ഇറ്റലിയുമാണ് മറ്റു ടീമുകൾ. അർജന്റീന നാളെ അവരുടെ ആദ്യ മത്സരത്തിൽ ഇറ്റലിയെ നേരിടും.