പതിവിൽ നിന്ന് വിപരീതമായി സൂപ്പർ താരങ്ങളെ എത്തിക്കുന്നതിൽ നിന്നും പിന്മാറിയ പിഎസ്ജി, അടുത്തതായി ടീമിലേക്ക് എത്തിക്കാൻ ഉന്നമിടുന്നത് ഒളിമ്പിക് ലിയോൺ താരം ബ്രാഡ്ലി ബാർക്കോളയെ. കഴിഞ്ഞ സീസണിൽ ടീമിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത വിങ്ങർക്ക് വേണ്ടി പിഎസ്ജി ഉടൻ തങ്ങളുടെ ആദ്യ ഓഫർ സമർപ്പിക്കുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട് ചെയ്യുന്നു. എന്നാൽ താരത്തെ നിലവിൽ വിട്ടു കൊടുക്കാൻ താല്പര്യപ്പെടാത്ത ലിയോണുമായുള്ള ചർച്ചകൾ പിഎസ്ജിക്ക് ബുദ്ധിമുട്ടേറിയത് തന്നെ ആവുമെന്ന് റോമാനോ സൂചിപ്പിക്കുന്നു. ബാർക്കോളയും അടുത്ത സീസണിൽ ലിയോണിൽ തുടരാനുള്ള താൽപ്പര്യം വ്യക്തമാക്കിയിരുന്നു.
ഏഴു ഗോളുകൾ കുറിച്ച മികച്ച സീസണിന് പുറമെ അണ്ടർ 21 യൂറോയിൽ ഫ്രഞ്ച് ടീമിന് വേണ്ടി രണ്ടു ഗോളും അസിസ്റ്റും വീതം നേടിയ പ്രകടനവും പിഎസ്ജിയുടെ ശ്രദ്ധയിൽ പെട്ടു. അതേ സമയം റിയാദ് മെഹ്റസിന് പകരക്കാരനായി സിറ്റിയും താരത്തെ നോട്ടമിടുന്നതായി ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അതീവ പ്രതിഭാശാലിയായ യുവതാരത്തെ ഭാവിയിൽ എമ്പാപ്പയുടെ പകരക്കാരനായാണ് പിഎസ്ജി കാണുന്നത്. താരത്തെ എത്തിക്കാൻ മുപ്പത് മില്യൺ യൂറോ എങ്കിലും പിഎസ്ജിക്ക് ചിലവഴിക്കേണ്ടി വരും എന്ന് ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ നിരവധി പ്രമുഖ താരങ്ങളെ നഷ്ടമായതാണ് ബാർക്കോളയെ കൂടി കൈമാറുന്നതിൽ നിന്നും ലിയോണിനെ പിറകോട്ടു വലിക്കുന്നത്. ഹൗസേം ഓറർ, ജെറോം ബോട്ടങ്, മൂസ ഡെമ്പലെ എന്നിവരെല്ലാം ഈ ട്രാൻഫർ വിൻഡോയിൽ പുതിയ തട്ടകം തേടി. അത് കൊണ്ട് തന്നെ ബാർക്കോളയെ കൂടി നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കില്ല.
Download the Fanport app now!