കൊളംബോയിൽ നടക്കുന്ന എമർജിംഗ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ എ നേപ്പാളിനെതിരെ ഒമ്പത് വിക്കറ്റിന് വിജയിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്ത്യ. ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേപ്പാൾ 37.2 ഓവറിൽ 167 റൺസിന് എല്ലാവരും പുറത്തായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർക്കെതിരെ നേപ്പാളിന് പിടിച്ചു നിൽക്കാൻ ആയില്ല. 85 പന്തിൽ നിന്ന് 65 റൺസ് നേടിയ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ ആണ് ആകെ തിളങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ നിശാന്ത് സിന്ധുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജ്വർധൻ ഹംഗാർഗേക്കറുമാണ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിൽ തിളങ്ങിയത്.
മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ അഭിഷേക് ശർമ്മയും സായ് സുദർശനും അനായാസ വിജയത്തിലേക്ക് ടീമിനെ നയിച്ചു. ശർമ്മ 69 പന്തിൽ 87 റൺസ് നേടി, സുദർശൻ 58 റൺസുമായി പുറത്താകാതെ നിന്നു. 19 ഓവറിൽ 139 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ട് ഇവർ നേടി. വെറും 12 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 21 റൺസെടുത്ത ധ്രുവ് ജുറൽ ഫിനിഷിംഗ് വേഗത്തിലാക്കി. നാലു പോയിന്റുള്ള ഇന്ത്യ ഇതോടെ വിജയം ഉറപ്പിച്ചു.