വെസ്റ്റിന്‍ഡീസിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലേക്ക് അജിങ്ക്യ രഹാനെയെ ഇന്ത്യ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി. 18 മാസമായി ടീമിലിടം ലഭിയ്ക്കാതിരുന്ന രഹാനെയെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഗാംഗുലി പറഞ്ഞത്.
സ്ഥിരതയും കൺടിന്യുവിറ്റിയും ആവശ്യമാണെങ്കിൽ ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നടത്തരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒന്നര വര്‍ഷത്തോളം ടീമിലിടം ലഭിച്ചില്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം ലഭിച്ച താരം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ രഹാനെ ആയിരുന്നു. താരം 89, 46 എന്നീ സ്കോറുകളാണ് ഓവലിലെ മത്സരത്തിൽ നേടിയത്.
ഇത് പിന്നോട്ടുള്ള നീക്കമാണെന്ന് താന്‍ പറയില്ല, എന്നാൽ ഇത് ഭാവിയിലേക്കുള്ള നീക്കമല്ലെന്ന് തീര്‍ച്ചയായും പറയാനാകും. രവീന്ദ്ര ജഡേജയെ പോലുള്ള താരങ്ങളെ ഈ റോളിലേക്ക് പരിഗണിക്കാവുന്നതാണെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.