കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി. ഈ ട്രാൻസ്ഫർ വിപണിയിൽ ആഴ്സണലിൽ ചേരുന്ന ആദ്യ താരമായി ജർമ്മൻ താരം കായ് ഹാവർട്സ് മാറി. ചെൽസിയിൽ നിന്നു 65(50 മില്യൺ + 15 മില്യൺ ആഡ് ഓൺ) മില്യൺ പൗണ്ടിനു ആണ് താരം ആഴ്സണലിന്റെ ചുവപ്പും വെള്ളയും ഉള്ള ജേഴ്സി അണിയാൻ എത്തിയത്. നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക് ക്ലബുകളെ മറികടന്നു ആണ് ആഴ്സണൽ താരത്തെ സ്വന്തമാക്കിയത്.
പരിശീലകൻ ആർട്ടെറ്റയുടെ പ്രത്യേക താൽപ്പര്യപ്രകാരം ആണ് 24 കാരനായ ഹാവർട്സ് ആഴ്സണൽ താരം ആയത്. ക്ലബ്ബിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഹാവർട്സ് ഒരുപാട് നേട്ടങ്ങൾ ക്ലബ്ബിൽ നേടാൻ ആവും എന്ന പ്രത്യാശയും പങ്ക് വച്ചു. അതേസമയം പല നിലക്കും ഉപയോഗിക്കാൻ ആവുന്ന വളരെ നല്ല താരം ആണ് ഹാവർട്സ് എന്നു പറഞ്ഞ ആർട്ടെറ്റ നല്ല ബുദ്ധിയുള്ള മികച്ച കഴിവുകൾ ഉള്ള താരത്തിന്റെ വരവ് ക്ലബിനെ ശക്തമാക്കും എന്നും കൂട്ടിച്ചേർത്തു.