യൂറോ യോഗ്യത പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികവിൽ പോർച്ചുഗലിന് ഒരു വിജയം. ഇന്ന് ബോസ്നിയ ഹെർസൊഗെവിനയെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ 44ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ബെർണാഡോ സിൽവ പോർച്ചുഗലിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ ബ്രൂണോ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടുകയും ചെയ്തു.
77ആം മിനുട്ടിൽ റൂബൻ നെവസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണോയുടെ ഗോൾ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബ്രൂണോ കളിയിലെ തന്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് വിജയം പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണ്ണ സമയവും കളിച്ചു എങ്കിലും ഗോൾ ഒന്നും നേടിയില്ല. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജെയിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുന്നു. ബോസ്നിയക്ക് 3 പോയിന്റ് മാത്രമാണ് ഉള്ളത്.