അടുത്ത സീസണിലും ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ഫ്രാങ്കി ഡി യോങ്. ഒരു ഡച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. “എപ്പോഴും എന്ന പോലെ ബാഴ്സയിൽ താൻ സന്തോഷവാനാണ്. എല്ലാം പ്രതീക്ഷിച്ച പോലെ തന്നെയാണ് എങ്കിൽ അടുത്ത സീസണിലും ബാഴ്സയിൽ താൻ ഉണ്ടാകും”, താരം പറഞ്ഞു. അതേ സമയം ഫുട്ബോളിൽ ഒരിക്കലും ഒന്നും 100% പ്രവചന സാധ്യമല്ലെന്നും എങ്കിലും ടീമിൽ അടുത്ത സീസണിലും ഉണ്ടാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലയണൽ മെസ്സിക്ക് ഒരിക്കൽ കൂടി ബാഴ്സയിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ പോയത് മോശമായെന്ന് താരം പറഞ്ഞു. ഗ്രൗണ്ടിൽ എവടെ നിന്നും മത്സരം മാറ്റി മറിക്കാൻ കെൽപ്പുള്ള മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ എല്ലാവരും ആഗ്രഹിക്കുമെന്ന് ഫ്രാങ്കി ചൂണ്ടിക്കാണിച്ചു. ഇനി ടീമിലേക്ക് ആരൊക്കെ വരുന്നുണ്ടെന്നാണ് താൻ കാത്തിരിക്കുന്നത് എന്നും താരം പറഞ്ഞു. അതേ സമയം വർധിച്ചു വരുന്ന മൽസരാധിക്യത്തെ ഡി യോങ് വിമർശിച്ചു. ക്ലബ്ബ് ഫുട്ബോൾ കഴിഞ്ഞെങ്കിലും നാഷൻസ് ലീഗ് മത്സരങ്ങൾ ഇനി ആരംഭിക്കും. അതിൽ തന്നെ ആരും കാണാൻ ഇഷ്ടപ്പെടാത്ത 3-4 സ്ഥാനക്കാർക്കുള്ള മത്സരങ്ങളും ഉള്ളത് ഫ്രാങ്കി ചൂണ്ടിക്കാണിച്ചു. ചാമ്പ്യൻസ് ലീഗ് പുതിയ രീതിയിലേക്ക് മാറി കൂടുതൽ മത്സരങ്ങളും പണവുമാണ് യുവേഫ ലക്ഷ്യം വെക്കുന്നത് എന്നും ഡി യോങ് തുറന്നടിച്ചു.
Download the Fanport app now!