ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. തികച്ച ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മംഗോളിയയെ തോൽപ്പിച്ചത്. ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ പിറകിൽ ഉള്ള മംഗോളിയക്ക് എതിരെ ഇതിനേക്കാൽ വലിയ സ്കോറിൽ ജയിക്കാൻ കഴിഞ്ഞില്ല എന്ന നിരാശ ഇന്ത്യക്ക് ഉണ്ടാകും.
ഇന്ന് ഇന്ത്യ മികച്ച രീതിയിൽ ആണ് തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ സഹലിലൂടെ ലീഡ് നേടി. വലതു വിങ്ങിലൂടെ വന്ന അനിരുദ്ധ് താപ നൽകിയ ക്രോസ് തടയാൻ മംഗോളിയ കീപ്പ ശ്രമിച്ചു എങ്കിലും പന്ത് സഹലിലേക്ക് എത്തി. സഹൽ അനായാസം പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0.
അധികം താമസിയാതെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ 14ആം മിനുട്ടിൽ ചാങ്തെയാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്. ഒരു കോർണറിൽ നിന്ന് ജിങ്കന്റെ ഹെഡർ സേവ് ചെയ്യപ്പെട്ടപ്പോൾ റീബൗണ്ടിലൂടെ ചാങ്തെ ഗോൾ കണ്ടെത്തുക ആയിരുന്നു. സ്കോർ 2-0.
നാൽപ്പതാം മിനുട്ടിൽ സഹലിന്റെ ഒരും ലോംഗ് റേഞ്ചർ ഗോളിനടുത്ത് എത്തിയെങ്കിലും 2-0ന് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മംഗോളിയ കുറച്ചു കൂടെ നല്ല ഫുട്ബോൾ കളിക്കുന്നത് കാണാൻ ആയി. അവർ ഇന്ത്യയെ ലീഡ് വർധിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു. ഇനി ജൂൺ 12ന് വനുവറ്റുവിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.