ലിവർപൂൾ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകില്ല. 2023/24 സീസണിൽ അവർ യുവേഫ യൂറോപ്പ ലീഗിലാകും കളിക്കുക. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ തോൽപ്പിച്ചതോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ നാലു സ്ഥാനങ്ങൾ തീരുമാനമായത്. ഇന്ന് യുണൈറ്റഡ് ജയിച്ചതോടെ ലിവർപൂളിന് ടോപ് 4ൽ എത്താൻ ആകില്ല എന്ന് ഉറപ്പായി.
മാനേജർ ക്ലോപ്പിന്റെ നേതൃത്വത്തിൽ 2018/19 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ലിവർപൂൾ ക്ലോപ്പിന് കീഴിൽ ആകെ മൂന്ന് തവണ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ ആൻഫീൽഡിന് നഷ്ടമാകും. 2017ലാണ് അവസാനം ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതിരുന്നത്.
ഇത്തവണ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാകും ഇംഗ്ലണ്ടിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുക. ലിവർപൂൾ, ബ്രൈറ്റൺ എന്നിവർ യൂറോപ്പ ലീഗിൽ കളിക്കും.