ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു റാഫേൽ നദാൽ പിന്മാറി. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഹിപ്പിന് ഏറ്റ പരിക്ക് കാരണം ആണ് ടൂർണമെന്റിൽ നിന്നു പിന്മാറിയത്. വരുന്ന മാസങ്ങളിൽ ടെന്നീസ് കളത്തിൽ തിരിച്ചെത്തുന്ന കാര്യം അസാധ്യം ആണെന്നും നദാൽ പറഞ്ഞു. 2004 നു ശേഷം ഇത് ആദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ കളിക്കാതെ ഇരിക്കുന്നത്.
പരിക്ക് കാരണം നദാൽ പിന്മാറുന്ന 13 മത്തെ ഗ്രാന്റ് സ്ലാം ആണ് ഇത്. എന്നു കളത്തിലേക്ക് തിരിച്ചു വരും എന്ന് അറിയാത്ത നദാൽ ഇതോടെ ലോക റാങ്കിംഗിൽ ആദ്യ നൂറിൽ നിന്നു പുറത്ത് ആവും. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അടുത്ത വർഷം തന്റെ കരിയറിലെ അവസാന വർഷം ആയേക്കും എന്ന സൂചനയും നദാൽ നൽകി. നിലവിൽ ഈ വർഷം അവസാനം ഡേവിസ് കപ്പിന്റെ സമയത്ത് തിരിച്ചു വരാൻ ആവും നദാൽ ശ്രമം. നദാലിന്റെ പിന്മാറ്റവും ജ്യോക്കോവിച്ച് അത്ര മികവിൽ ഇല്ലാത്തതും നിലവിലെ ഫ്രഞ്ച് ഓപ്പണിനെ വലിയ നിലക്ക് പ്രവചനാതീതമാക്കുന്നുണ്ട്.