പ്രീമിയർ ലീഗ് ടോപ്പ്-ഫോർ പോരാട്ടം ആവേശകരമായ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി രണ്ടു സ്ഥാനങ്ങൾക്കായാണ് ഇപ്പോൾ പോരാട്ടങ്ങൾ. ന്യൂകാസിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവർ ആണ് ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാനുള്ള പോരാട്ടത്തിൽ ഉള്ളത്. ബ്രൈറ്റണും കണക്കിൽ സാധ്യതകൾ ഉണ്ട്.
ന്യൂകാസിൽ യുണൈറ്റഡ്: 66 പോയിന്റ്, മൂന്നാം സ്ഥാനം
ന്യൂകാസിൽ യുണൈറ്റഡ്, പുതിയ ഉടമകൾക്ക് കീഴിലെ അവരുടെ ആദ്യ സീസണായിരുന്നു ഇത്. അവരുടെ സമർത്ഥനായ മാനേജരായ എഡി ഹോയുടെ മികവിൽ അവർ ഗംഭീര പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. 66 പോയിന്റുമായി, അവർ നിലവിൽ മൂന്നാം സ്ഥാനത്താണ്, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണെങ്കിലും ഗോൾ ഡിഫ്ഫറൻസിൽ യുണൈറ്റഡിന് മുന്നിൽ നിൽക്കാൻ ന്യൂകാസിലിന് ആകുന്നു. ഇനി മൂന്ന് മത്സരങ്ങൾ ആണ് അവർക്ക് ഉള്ളത്. സെന്റ് ജെയിംസ് പാർക്കിൽ ബ്രൈറ്റണും ലെസ്റ്ററും അവർക്ക് എതിരാളികൾ ആകുന്നു. ഈ രണ്ട് മത്സരങ്ങൾ ജയിച്ചാൽ തന്നെ ന്യൂകാസിലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. ഇതിന്റെ കൂടെ ചെൽസിക്ക് എതിരായ എവേ മത്സരവും ന്യൂകാസിലിന് ഉണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ്: 66 പോയിന്റ്, നാലാം സ്ഥാനം
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ടെൻ ഹാഗിന്റെ കീഴിൽ ഒരു നല്ല സീസൺ ആണെന്ന് തന്നെ പറയാം. ലീഗ് കപ്പ് ഇതിനകം തന്നെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എഫ് എ കപ്പ് ഫൈനലിലും ഉണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടെ ഉറപ്പിച്ചാൽ അവർക്ക് ഇതൊരു നല്ല സീസൺ ആണെന്ന് വിലയിരുത്താൻ ആകും. പക്ഷെ അവരുടെ മോശം എവേ ഫോം ടോപ് യോഗ്യത വൈകിപ്പിക്കുകയാണ്. ഇപ്പോൾ 66 പോയിന്റുമായി നാലാമത് നിൽക്കുകയാണ് അവർ.
ബോൺമൗത്തിന് എതിരായ ഒരു എവേ മത്സരം, തുടർന്ന് ചെൽസിക്കും ഫുൾഹാമിനും എതിരായ ഹോം മത്സരങ്ങൾ. ഇതാണ് യുണൈറ്റഡിന് മുന്നിൽ ഉള്ളത്. ഈ മൂന്നിൽ രണ്ട് മത്സരങ്ങൾ ജയിച്ചാലെ യുണൈറ്റഡിന് യോഗ്യത ഉറപ്പാവുകയുള്ളൂ.
ലിവർപൂൾ: 65 പോയിന്റ്, 5ആം സ്ഥാനം
ലിവർപൂൾ ടോപ് 4ന് ഇത്ര അടുത്ത് എത്തിയത് തന്നെ അത്ഭുതമാണ്. സീസണിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ക്ലോപ്പിന്റെ ടീം ഒരു ഘട്ടത്തിൽ യൂറോപ്പ ലീഗ് യോഗ്യത വരെ വിദൂരത്തായിരുന്നു. പക്ഷേ അവസാന മാസങ്ങളിലെ മികച്ച പ്രകടനം ക്ലോപ്പിന്റെ ടീമിനെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് തൊട്ടടുത്ത് എത്തിച്ചു. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് യുണൈറ്റഡോ ന്യൂകാസിൽ യുണൈറ്റഡോ പോയിന്റ് നഷ്ടപ്പെടുത്തുന്നത് കാത്തിരിക്കാനെ ലിവർപൂളിനാകൂ. ഈ സീസണിൽ ടോപ് ഫോർ നേടാൻ ആയാൽ അടുത്ത സീസണിൽ വലിയ സൈനിംഗുകൾ എത്തിക്കാൻ ശ്രമിക്കുന്ന ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കും.
ബ്രൈറ്റൺ, 58 പോയിന്റ്, ആറാം സ്ഥാനം
ബ്രൈറ്റണ് പലരും വിദൂര സാധ്യതയാണ് കണക്കാക്കുന്നത് എങ്കിലും കണക്കു പ്രകാരം ബ്രൈറ്റണ് ഇപ്പോഴും ടോപ് 4 സാധ്യത ഉണ്ട്. 34 മത്സരങ്ങൾ മാത്രം കളിച്ച ബ്രൈറ്റൺ ഇപ്പോൾ 58 പോയിന്റിൽ ആണുള്ളത്. അവർ എല്ലാ മത്സരവും വിജയിച്ചാൽ 70 പോയിന്റിൽ എത്തും. ന്യൂകാസിൽ, സതാമ്പ്ടൺ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നിവരാണ് ബ്രൈറ്റണ് ഇനിയുള്ള എതിരാളികൾ.