ഇറ്റാലിയൻ സീരി എയിൽ ആദ്യ നാലിൽ എത്താനുള്ള ഇന്റർ മിലാൻ ശ്രമങ്ങൾക്ക് ഊർജം പകർന്നു സസുവോളക്ക് എതിരെയുള്ള ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്റർ ലീഗിലെ 13 സ്ഥാനക്കാർക്ക് എതിരെ ജയിച്ചത്. ജയത്തോടെ ലീഗിൽ ലാസിയോയെ മറികടന്നു മൂന്നാമത് ആവാനും ഇന്ററിന് ആയി. 13 മത്തെ മിനിറ്റിൽ ബെറാർഡിയുടെ ഗോളിൽ ഇന്റർ പിറകിൽ പോയെങ്കിലും വാർ ഈ ഗോൾ ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. 41 മത്തെ മിനിറ്റിൽ ഡാനിലോ ഡി അംബ്രോസിയോയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ റോമലു ലുകാക്കു ഇന്ററിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ റുവാന്റെ സെൽഫ് ഗോൾ കൂടി ആയതോടെ ഇന്റർ രണ്ടാം ഗോളും നേടി.
58 മത്തെ മിനിറ്റിൽ മിഖിത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലൗടാരോ മാർട്ടിനസ് ഇന്റർ ജയം ഉറപ്പിച്ചു. എന്നാൽ 63 മത്തെ മിനിറ്റിൽ ബെറാർഡിയുടെ പാസിൽ നിന്നു ഗോൾ നേടിയ മാതിയസ് ഹെൻറിക്വ ഒരു ഗോൾ എതിരാളികൾക്ക് ആയി മടക്കി. 77 മത്തെ മിനിറ്റിൽ റോജറിയോയുടെ പാസിൽ നിന്നു ഫ്രാറ്റെസി കൂടി ഗോൾ നേടിയതോടെ ഇന്ററിന് ആശങ്കയായി. എന്നാൽ 89 മത്തെ മിനിറ്റിൽ ബ്രൊസോവിചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ ജന്മദിനത്തിൽ നേടിയ ലുകാക്കു ഇന്ററിന്റെ 4-2 ന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയം നൽകിയ ആത്മവിശ്വാസവും ആയി ആവും ഇന്റർ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിലും ഇറങ്ങുക.