ബാഴ്സലോണ ലാലിഗ കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ്. ഇന്ന് ബാഴ്സലോണ വിജയിച്ചാൽ കിരീടം സാവിയുടെയും അദ്ദേഹത്തിന്റെ താരങ്ങളുടെയും കൈകളിലേക്ക് എത്തും. ഇന്ന് കാറ്റലൻ എതിരാളികളായ എസ്പാൻയോൾ ആണ് ബാഴ്സലോണയുടെ എതിരാളികൾ. രാത്രി 12.30നാണ് മത്സരം. കളി തത്സമയം ജിയോ സിനിമയിൽ കാണാം.
ഇപ്പോൾ ബാഴ്സലോണക്ക് 33 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് ആണുള്ളത്. റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റും. റയൽ മാഡ്രിഡ് അവർക്ക് ഈ സീസൺ ലീഗിൽ അവശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാൽ 83 പോയിന്റിൽ എത്താം. മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ 69 പോയിന്റാണ് ഉള്ളത്. അവർ ശേഷിക്കുന്ന 5 മത്സരങ്ങളും ജയിച്ചാൽ 84 പോയിന്റിലും എത്തും.
അതുകൊണ്ട് തന്നെ എസ്പാൻയോളിന് എതിരായ കാറ്റലൻ ഡാർബി ജയിച്ചാൽ ബാഴ്സലോണക്ക് ലാലിഗ കിരീടം തങ്ങളുടേതാക്കി മാറ്റാം. അവസാനമായി 2018-19 സീസണിലാണ് ബാഴ്സലോണ ലാലിഗ കിരീടം നേടിയത്. 26 തവണ ലാലിഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണക്ക് ഇന്ന് ആ 27ലേക്ക് നീങ്ങാം. 35 ലാലിഗ കിരീടങ്ങളുള്ള റയൽ ആണ് കിരീടത്തിന്റെ എണ്ണത്തിൽ മുന്നിൽ.