ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം ആവേശത്തിൽ ആക്കി ഒരു ആഴ്സണൽ വിജയം. ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ സെന്റ് ജെയിംസ് പാർക്കിൽ വെച്ച് നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ആഴ്സണലിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഏറ്റവും പ്രയാസമുള്ള മത്സരമായിരുന്നു ഇത്. ഈ വിജയത്തോടെ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി.
ഇന്ന് ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ ന്യൂകസിലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ അവർക്ക് അനുകൂലമായി ഒരു പെനൾട്ടിവിധി വന്നു എങ്കിലും വാർ ആ വിധി തെറ്റാണെന്ന് പറഞ്ഞു. ഇങ്ങനെ എല്ലാം ന്യൂകാസിലിന്റെ അറ്റാക്കിൽ നടക്കവെ മറുവശത്ത് ആഴ്സണൽ ലീഡ് എടുത്തു. 14ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒഡെഗാർഡ് ഒരു ഇടം കാലൻ ഷോട്ടിലൂടെ നിക് പോപിനെ കീഴ്പ്പെടുത്തുക ആയിരുന്നു. അവസാന അഞ്ചു ലീഗ് മത്സരങ്ങളിൽ നിന്നായി ഒഡെഗാർഡിന്റെ അഞ്ചാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഫാബിയൻ ഷാർ ആയിരുന്നു സെൽഫ് ഗോൾ നേടിയത്. ഈ ഗോൾ ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. ജയത്തോടെ ആഴ്സണൽ 35 മത്സരങ്ങളിൽ നിന്ന് 81 പോയിന്റിൽ എത്തി. 34 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി 82 പോയിന്റുമായി ഒന്നാമത് ഉണ്ട്. ഇനി ആഴ്സണലിന് ബ്രൈറ്റൺ, നോട്ടിങ്ഹാം, വോൾവ്സ് എന്നിവരെയാണ് ലീഗിൽ നേരിടാൻ ഉള്ളത്.
ഈ പരാജയം ന്യൂകാസിലിന്റെ മൂന്നാം സ്ഥാനത്തിന് ആശങ്ക നൽകും. ഇപ്പോൾ 65 പോയിന്റുമായി ന്യൂകാസിൽ മൂന്നാമത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ വിജയിച്ചാൽ ന്യൂകാസിൽ നാലാം സ്ഥാനത്തേക്ക് താഴും.