രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ മിന്നും ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ സൺറൈസേഴ്സിനെതിരെ 214 റൺസ് നേടി ടീം. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ജോസ് ബട്‍ലറിന് അഞ്ച് റൺസ് അകലെ ശതകം നഷ്ടമായപ്പോള്‍ സഞ്ജു അര്‍ദ്ധ ശതകവും യശസ്വി ജൈസ്വാള്‍ 35 റൺസും നേടിയാണ് രാജസ്ഥാനായി മികവ് പുലര്‍ത്തിയത്.
ജൈസ്വാള്‍ പതിവ് പോലെ വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ജോസ് ബട്‍ലര്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. 18 പന്തിൽ 35 റൺസ് നേടിയ യശസ്വി ജൈസ്വാള്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 54 റൺസായിരുന്നു 5 ഓവറിൽ നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ നേടിയത്.
ജൈസ്വാള്‍ പുറത്തായ ശേഷം രാജസ്ഥാന്റെ റൺറേറ്റ് താഴേക്ക് വന്നുവെങ്കിലും ടൈഔട്ടിന് ശേഷമുള്ള ആദ്യ ഓവറിൽ മയാംഗ് മാര്‍ക്കണ്ടേയെ തുടരെ രണ്ട് സിക്സുകള്‍ക്ക് പറത്തി സഞ്ജു റൺ റേറ്റ് ഉയര്‍ത്തി. അതേ ഓവറിലെ അവസാന പന്തിൽ ജോസ് ബട്‍ലറും സിക്സ് നേടിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി. മാര്‍ക്കണ്ടേയുടെ ഓവറിൽ 21 റൺസ് പിറന്നപ്പോള്‍ പത്താം ഓവര്‍ എറിയാനെത്തിയ അഭിഷേക് ശര്‍മ്മയെ ജോസ് ബട്ലര്‍ ഒരു സിക്സും ഫോറും പായിച്ചു. പത്തോവര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ 107/1 എന്ന നിലയിലായിരുന്നു.
ബട്‍ലര്‍ കുറച്ച് മത്സരങ്ങളിലെ മോശം ഫോമിന് ശേഷം അര്‍ദ്ധ ശതകം നടത്തിയപ്പോള്‍ മറുവശത്ത് സഞ്ജുവും മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്തു. ജോസും സഞ്ജും കൂടി 138 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 59 പന്തിൽ 95 റൺസ് നേടിയ ജോസിനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
സഞ്ജു 38 പന്തിൽ 66 റൺസ് നേടി പുറത്താകാതെ നിന്നു.