മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത റ്റൈറ്റൻസിന് 55 റൺസിന്റെ വലിയ വിജയം. ഗുജറാത്ത് ഉയർത്തിയ 208 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ആകെ 152/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. തുടക്കം മുതൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടേ ഇരുന്നു. 2 റൺസ് എടുത്ത് ക്യാപ്റ്റൻ രോഹിത് തുടക്കത്തിൽ പുറത്തായി. 13 റൺസ് എടുത്ത ഇഷൻ കിഷൻ, 2 റൺസ് എടുത്ത തിലക് വർമ, റൺ ഒന്നും എടുക്കാതെ ടിം ഡേവിഡ് എന്നിവർ നിരാശപ്പെടുത്തി.
ഗ്രീൻ 33 റൺസും, സൂര്യകുമാർ 23 റൺസും എടുത്ത് പുറത്തായി. അവസാനം നെഹൽ വധേരയും (21 പന്തിൽ 40) പിയുഷ് ചൗളയും (12 പന്തിൽ 18) നേടിയ റൺസുകൾ വലിയ നാണക്കേടിൽ നിന്ന് മുംബൈയെ രക്ഷിച്ചു. ഗുജറാത്തിനായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റും റഷീഫ് ഖാൻ, മോഹിത് എന്നിവർ 2 വിക്കറ്റു വീതവും വീഴ്ത്തി.
ഇന്ന് ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്റെ ടോപ് ഓര്‍ഡറിൽ ഗില്ലൊഴികെ ആരും തിളങ്ങാതെ പോയപ്പോള്‍ ടീം 101/4 എന്ന നിലയിലായിരുന്നു 12.2 ഓവറിൽ. അവിടെ നിന്ന് അഭിനവ് മനോഹര്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് കൂടിയായപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 27 റൺസാണ് ഗുജറാത്ത് നേടിയത്.
വൃദ്ധിമന്‍ സാഹയെ അര്ജ്ജുന് ടെണ്ടുൽക്കര്‍ പുറത്താക്കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിയൂഷ് ചൗളയാണ് പുറത്താക്കിയത്. 38 റൺസാണ് ഹാര്‍ദ്ദിക്(13) – ഗിൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.
സ്കോര്‍ 91ൽ നിൽക്കുമ്പോള് ഗില്ലിന്റെ വിക്കറ്റ് കുമാര്‍ കാര്‍ത്തികേയ വീഴ്ത്തിയത് ടീമിന് വലിയ തിരിച്ചടിയായി. 34 പന്തിൽ 56 റൺസാണ് ഗിൽ നേടിയത്. തൊട്ടടുത്ത ഓവറിൽ 19 റൺസ് നേടിയ വിജയ് ശങ്കറെ ചൗള പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 101/4 എന്ന നിലയിലേക്ക് വീണു.
ബാക്ക്ഫുട്ടിലായ ഗുജറാത്തിനെ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ അഭിനവ് മനോഹറും ഡേവിഡ് മില്ലറും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് അതിവേഗം ആറാം വിക്കറ്റിൽ 35 പന്തിൽ നിന്ന് 71 റൺസാണ് കൂട്ടിചേര്‍ത്തത്. ഗ്രീന്‍ എറിഞ്ഞ ഓവറിൽ മനോഹര്‍ രണ്ട് സിക്സും മില്ലര്‍ ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 22 റൺസാണ് പിറന്നത്.
മില്ലറെക്കാള്‍ അപകടകാരിയായി മാറിയത് അഭിനവ് മനോഹര്‍ ആയിരുന്നു. താരം സിക്സടിയുമായി രംഗത്തെത്തിയപ്പോള്‍ 21 പന്തിൽ നിന്ന് 42 റൺസാണ് നേടിയത്. റൈലി മെറിഡിത്തിനായിരുന്നു വിക്കറ്റ്. മില്ലര്‍ 22 പന്തിൽ 46 റൺസും നേടി.
അവസാന ഓവറിൽ രാഹുല്‍ തെവാത്തിയയും രണ്ട് സിക്സ് നേടിയപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 200 കടന്നു. ഒരു പന്ത് അവശേഷിക്കെയാണ് മില്ലര്‍ പുറത്തായത്.