തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം എവർടനെ തകർത്ത് പ്രീമിയർ ലീഗിൽ ഫുൽഹാമിന്റെ തിരിച്ചു വരവ്. ഗുഡിസൻ പാർക്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ ജയമാണ് ഫുൾഹാം നേടിയത്. ഹാരിസൻ റീഡ്, വിൽസൻ, ജെയിംസ് എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. എവർടന്റെ ആശ്വാസ ഗോൾ മാക്നീൽ നേടി. ജയത്തോടെ ചെൽസിയെ മറികടന്ന് പത്താം സ്ഥാനത്തേക്ക് കയറാനും ഫുൾഹാമിനായി.
ആദ്യ മിനിറ്റുകളിൽ ഇരു ടീമിന്റെയും മുന്നേറ്റങ്ങൾ ഫലപ്രാപ്തിയിൽ എത്തിയില്ല. റോബിൻസന്റെ ക്രോസിൽ വിൽസണന്റെ ഷോട്ട് ശക്തിയില്ലാതെ പോയി. പിറകെ 22ആം മിനിറ്റിൽ ഫുൾഹാം ലീഡ് എടുത്തു. മികച്ചൊരു നീകത്തോടെ വിൽസൻ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ജെയിംസ് ഒരുക്കി നൽകിയ അവസരം റീഡ് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് സമനില ഗോൾ നേടാനുള്ള മികച്ചൊരു അവസരത്തിൽ മൗപെയുടെ ഹെഡർ ലെനോയുടെ കൈകളിൽ അവസാനിച്ചു. 35ആം മിനിറ്റിൽ മക്നീലിലൂടെ എവർടൻ സമനില നേടി. കൗണ്ടറിലൂടെ എത്തിയ നീക്കത്തിൽ ഗർണറുടെ പാസ് സ്വീകരിച്ചു താരം ബോക്സിന് തൊട്ടു പുറത്തു നിന്നും വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫുൾഹാം ലീഡ് വീണ്ടെടുത്തു. ടെറ്റെയുടെ ക്രോസ് സ്വീകരിച്ചു വില്ലിയൻ നൽകിയ അവസരത്തിൽ വിൽസൻ ആണ് ഗോൾ നേടിയത്. 68 ആം മിനിറ്റിൽ ഫുൽഹാം ലീഡ് വർധിപ്പിച്ചു. ഫ്രീകിക്കിൽ നിന്നും എത്തിയ ബോൾ ബോക്സിനുള്ളിൽ നിന്നും നിയന്ത്രിച്ച ഡാനി ജെയിംസ് എതിർ പ്രതിരോധത്തിന് അവസരം നൽകാതെ കൃത്യമായി വലയിൽ എത്തിച്ചു. തോൽവിയോടെ എവർടൻ 17ആം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ഒരു മത്സരം കുറച്ചു കളിച്ച നോട്ടിങ്ഹാമുമായി പോയിന്റ് നിലയിൽ തുല്യത പാലിക്കുകയാണ് അവർ.