ടോട്ടനത്തിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് ഒരു തിരിച്ചടി കൂടെ. ഇന്ന് നോർത്ത് ലണ്ടണിൽ നടന്ന മത്സരത്തിൽ ബൗണ്മത് സ്പർസിനെ പരാജയപ്പെടുത്തി. ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന്റെ ബലത്തിൽ 3-2ന്റെ വിജയനാണ് ബൗണ്മത് നേടിയത്. ഇന്ന് മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ സോണിലൂടെ സ്പർസ് ലീഡ് എടുത്തു. പക്ഷെ ബൗണ്മത് തളരാതെ പൊരുതി.
38ആം മിനുട്ടിൽ സൊളങ്കിയുടെ പാസ് സ്വീകരിച്ച് മാറ്റിയസ് വിന ബൗണ്മതിനെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സൊളങ്കിയുടെ ഗോൾ കൂടെ വന്നതോടെ ലണ്ടണിൽ ബൗണ്മത് 2-1ന് മുന്നിൽ ആയി. സമനിലക്കായി തുടരാക്രമണങ്ങൾ നടത്തിയ സ്പർസ് കളിയുടെ 88ആം മിനുട്ടിൽ ഡാഞ്ചുമയിലൂടെ സമനില കണ്ടെത്തി. പിന്നെ കെയ്നും സംഘവും വിജയ ഗോളിനായുള്ള പരിശ്രമത്തിൽ ആയിരുന്നു.
എന്നാൽ അവസരം കാത്തു നിന്ന ബൗണ്മത് 94ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ വിജയ ഗോൾ കണ്ടെത്തി. ഔട്ടാരയുടെ ഫിനിഷിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെതിരെയുള്ള ബൗണ്മതിന്റെ ചരിത്രത്തിലെ ആദ്യ എവേ വിജയം.
31 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുനായി സ്പർസ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 33 പോയിന്റുമായി ബൗണ്മത് 14ആം സ്ഥാനത്തേക്ക് ഉയർന്നു.