യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സമനില വഴങ്ങി ബയേർ ലെവർകുസൻ

Wasim Akram

യുഫേഫ യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ബെൽജിയം ക്ലബ് ആർ.യൂണിയൻ എസ്.ജിക്ക് എതിരെ സമനില വഴങ്ങി ബയേർ ലെവർകുസൻ. മത്സരത്തിൽ ഇരു ടീമുകളും ഓരോ വീതം ഗോളുകൾ അടിക്കുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ ലെവർകുസൻ ആധിപത്യം കണ്ട മത്സരത്തിൽ കഴിഞ്ഞ മത്സരത്തിൽ യൂണിയൻ ബെർലിനെ അട്ടിമറിച്ചു എത്തിയ ബെൽജിയം ക്ലബ് ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്. ആവേശകരമായ ആദ്യ പകുതിയിൽ പക്ഷെ മത്സരത്തിൽ ഗോളുകൾ പിറന്നില്ല.

യൂറോപ്പ ലീഗ്

രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ടെഡി തീയുമെയുടെ പാസിൽ നിന്നു വിക്ടർ ബോണിഫേസ് ബെൽജിയം ക്ലബിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് സമനിലക്ക് ആയി എല്ലാം നൽകുന്ന സാവി അലോൺസോയുടെ ടീമിനെയാണ് കാണാൻ ആയത്. തുടർന്ന് 82 മത്തെ മിനിറ്റിൽ അതിനു ഫലം കണ്ടു. സർദർ അസ്മൗന്റെ പാസിൽ നിന്നു യുവതാരം ഫ്ലോറിയൻ വിർറ്റ്സ് ജർമ്മൻ ക്ലബിന് സമനില സമ്മാനിച്ചു. അടുത്ത ആഴ്ച മികച്ച ഫോമിലുള്ള ബെൽജിയം ടീമിനെ അവരുടെ മൈതാനത്ത് തോൽപ്പിക്കുക എന്ന കടുത്ത വെല്ലുവിളി ആണ് നിലവിൽ ജർമ്മൻ ക്ലബിനെ കാത്തിരിക്കുന്നത്.