ഈസ്റ്റ് ബംഗാളും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള ആവേശകരമായ മത്സരം 3-3 എന്ന ത്രില്ലിംഗ് സമനിലയിൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ 3-1ന് ഈസ്റ്റ് ബംഗാൾ മുന്നിട്ടു നിന്ന മത്സരത്തിൽ അവസാനം മലയാളി താരം റബീഹിന്റെ ഗോളിൽ ആണ് ഹൈദരാബാദിന് സമനില നൽകിയത്.
കളിയുടെ നാലാം മിനുട്ടിൽ തന്നെ മധ്യനിരയിൽ നിന്നും ക്യാപ്റ്റൻ സാർത്തക്ക് നീട്ടി നൽകിയ പന്തിൽ നിന്ന് മഹേഷ് സിംഗ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യ ഗോൾ നേടി. 11 ആം മിനുട്ടിൽ ഹളിചരണ് നസരി നൽകിയ ക്രോസ്സ് ഹെഡ് ചെയ്ത് ഹൈദരാബാദിന്റെ സിവേരിയൊ ഹൈദരാബാദിനെ സമനിലയിലെത്തിച്ചു.
16 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാളിന്റെ മരിയോ ജർവിസ് അടിച്ച കിക്ക് ഗുർമീത് തടഞ്ഞിട്ടു.റീ ബൗണ്ടായി കിട്ടിയ പന്ത് കിട്ടിയ വേഗത്തിൽ വലയിലേക്ക് തിരിച്ചേൽപ്പിച്ച് മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിനെ വീണ്ടും ഒരു ഗോൾ ലീഡിലെത്തിച്ചു. 44 ആം മിനുട്ടിൽ മഹേഷ് സിംഗ് ഈസ്റ്റു ബംഗാളിനു വേണ്ടി തന്റെ രണ്ടാം ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ഈസ്റ്റ് ബംഗാൾ 3-1ന് മുന്നിൽ.
ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ഹൈദരാബാദ് ഈസ്റ്റ് ബംഗാൾ ഡിഫൻസിനു മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി. 71 ആം മിനുട്ടിൽ ഹൈദരാബാദിന്റെ ഹെരെരയുടെ പവർ ഫുൾ ഷോട്ട് കമൽ ജിത്ത് തടുത്തിട്ടത് ജാവിയർ സിവേരിയ റീബൗണ്ടിൽ വലയിലേക്ക് തട്ടിയിട്ടു. സ്കോർ 3-2. 83 ആം മിനുട്ടിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി മലയാളി താരം റബീഹ് ഹൈദരാബാദിന് വേണ്ടി സമനില ഗോൾ നേടി.
അടുത്ത മത്സരത്തിൽ ഹൈദ്രബാദ് ഒഡിഷയെയും ഈസ്റ്റ് ബംഗാൾ ഐസോളിനെയും നേരിടും.
ഈ കളിയിലെ സമനിലയീടെ ഈസ്റ്റ് ബംഗാളിന് 2 പോയിന്റും ഹൈദ്രബാദിന് 4 പോയിന്റുമായി.