എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് കടക്കാനുള്ള നിർണായ പ്ലേഓഫ് മത്സരത്തിൽ ജംഷാദ്പൂരിനെ കീഴടക്കി മുംബൈ സിറ്റി. പയ്യനാട് വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് മുംബൈ ഏഷ്യൻ പോരാട്ടത്തിന് യോഗ്യത നേടിയത്. അഹ്മദ് ജാഹോ, നൊഗ്വെര, വിക്രം പ്രതാപ് എന്നിവരാണ് മുംബൈക്കായി വല കുലുക്കിയത്. ജംഷാദ്പൂരിന്റെ ആശ്വാസ ഗോൾ എലി സാബിയ നേടി. തുടർച്ചയായി രണ്ടാം തവണയാണ് മുംബൈ എഎഫ്സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്.
ഐഎസ്എല്ലിന് പുറത്ത് ആദ്യമായി ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ലീഗ് ജേതാക്കൾ ആയ മുംബൈക്കെതിരെ മികച്ച നീക്കങ്ങൾ നടത്താൻ ജംഷാദ്പൂരിനായി. ബോക്സിന് പുറത്തു നിന്നും ബിപിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങി. എങ്കിലും എതിർ പ്രതിരോധം ഭേദിക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെരേര ഡിയാസിന്റെ ഷോട്ട് രഹനേഷ് തടുത്തു. 52 ആം മിനിറ്റിൽ മുംബൈക്ക് അനുകൂലമായ പെനാൽറ്റി എത്തി. ചാങ്തെയെ റിക്കി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി സ്പൊട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്ക് എടുത്ത ജാഹോ അനായാസം പന്ത് വലയിൽ എത്തിച്ചു. പിന്നീട് മേഹതാബിന്റെ ഹെഡർ രഹനേഷ് കൈക്കലാക്കി. 70ആം മിനിറ്റിൽ നോഗ്വെരയിലൂടെ മുംബൈ ലീഡ് ഇരട്ടിയാക്കി. പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷദ്പൂർ പ്രതിരോധത്തിന് പിഴച്ചപ്പോൾ അവസരം മുതലെടുത്തു ശക്തിയേറിയ ഷോട്ടിലൂടെ താരം ഗോൾ കണ്ടെത്തി.
പിന്നീട് റിക്കിക്ക് ലഭിച്ച മികച്ച അവസരങ്ങളിൽ ഒന്നിൽ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 80 ആം മിനിറ്റിൽ ജംഷദ്പൂർ ഗോൾ മടക്കി. കോർണറിൽ തല വെച്ച് സാബിയ ആണ് വല കുലുക്കിയത്. പിന്നീട് സമനില ഗോളിനായി ജംഷദ്പൂർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ വിക്രം പ്രതാപിന്റെ ഗോളിൽ മുംബൈ ജയം ഉറപ്പിച്ചു. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ നീക്കത്തിൽ ഗ്രെഗ് സ്റ്റുവാർട് ബോക്സിനുള്ളിൽ നിന്നും മറിച്ചു നൽകിയ ബോൾ മികച്ചകരു ഫിനിഷിലൂടെ താരം വലയിൽ എത്തിച്ചു.