ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടലിൽ സന്ദർശകർ 7 റൺസിന് വിജയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇൻഡീസ് 2-1ന് സ്വന്തമാക്കി. റൺ ഒഴുകിയ മറ്റൊരു മത്സരം ആയിരുന്നു ഇന്ന് നടന്നത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. യഥാക്രമം 44, 41 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡിന്റെയും നിക്കോളാസ് പൂരന്റെയും തകർപ്പൻ ബാറ്റിന്റെ പിൻബലത്തിൽ ആണ് വെസ്റ്റിൻഡീസ് ഈ വലിയ സ്കോറിൽ എത്തിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആൻറിച്ച് നോർട്ടെയും ലുങ്കി എൻഗിഡിയും ആണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരം പോലെ ചെയ്സ് ചെയ്യാനാകും എന്ന പ്രതീക്ഷയിൽ ആണ് കളിച്ചത്. 44 പന്തിൽ 83 റൺസ് നേടിയ റീസ ഹെൻഡ്രിക്സിന്റെ മികവിൽ നല്ല രീതിയിൽ ആയിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് പോയത്. 21 പന്തിൽ 42 റൺസെടുത്ത റിലീ റൊസോവും കളി ആവേശകരമാക്കി. എന്നാൽ അവസാനം തുടർച്ചയായി വിക്കറ്റുകൾ വീണത് ദക്ഷിണാഫ്രിക്കൻ ചെയ്സിനെ ബാധിച്ചു. 40 റൺസിന് 5 വിക്കറ്റ് എന്ന അൽസാരി ജോസഫിന്റെ സ്പെൽ ആണ് വെസ്റ്റിൻഡീസിന് വിജയം തന്നത്. 20 ഓവറിൽ 213/6 എന്ന സ്കോറിൽ മാത്രമെ ആതിഥേയർ എത്തിയുള്ളൂ.