വീണ്ടും ഇരട്ട ഗോളുകളുമായി മക്ടോമിനെ; സ്പെയിനിനെ കീഴടക്കി സ്കോട്ലാന്റ്

Nihal Basheer

Picsart 23 03 29 02 26 45 681
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ കണ്ടെത്തിയ മക്ടോമിനെയുടെ മികവിൽ സ്പെയിനിനെ വീഴ്ത്തി യൂറോ ക്വാളിഫികേഷ്നിൽ സ്കോട്ലാന്റ് മുന്നേറ്റം. ഇതോടെ രണ്ടിൽ രണ്ടു വിജയവുമായി അവർ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയ സ്‌പെയിൻ രണ്ടാമതാണ്. തോൽവി പുതിയ സ്പാനിഷ് കോച്ച് ഡെലാ ഫ്‌വന്റെക്ക് മുകളിൽ സമ്മർദ്ദം ഉയർത്തും. യൂറോപ്യൻ ക്വാളിഫയറിൽ വലിയൊരു ഇടവേളക്ക് ശേഷമാണ് ടീം തോൽവി അറിയുന്നത്.

Picsart 23 03 29 02 26 02 692

കഴിഞ്ഞ മത്സരത്തിൽ നിന്നും കാര്യമായ മാറ്റങ്ങളൊടെയാണ് സ്പെയിൻ കളത്തിൽ എത്തിയത്. ഇരു ടീമുകളും ആദ്യ മിനിറ്റ് മുതൽ ആക്രമണം അഴിച്ചു വിട്ടപ്പോൾ ആവേശകരമായിരുന്നു മത്സരം. പതിവ് പോലെ സ്‌പെയിൻ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തി. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ സ്കോട്ലാന്റ് ലീഡ് എടുത്തു. ബോക്സിന് തൊട്ടു പുറത്തു നിന്നായി പെഡ്രോ പൊറോയിൽ സമ്മർദ്ദം ചെലുത്തി റോബർട്സൻ നേടിയെടുത്ത ബോൾ ബോക്സിനുള്ളിൽ നിന്നും പോസ്റ്റിന് മുന്നിലേക്കായി നൽകിയപ്പോൾ ഓടിയെത്തിയ മാക്ടോമിനെ വല കുലുക്കുകയായിരുന്നു. പിന്നീട് സ്‌പെയിനിന്റെ തുടർച്ചയായ ആക്രമണമാണ് കണ്ടത്. ജോസെലുവിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ പൊറോയുടെ ലോങ് റേഞ്ചർ കീപ്പർ തട്ടിയകറ്റി. തുടർന്ന് വന്ന കോർണറിൽ യേറെമി പിനോയുടെ ശക്തിയേറിയ ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദ്യ ഗോളിന് ശേഷം സ്കോട്ലാണ്ടിന് ക്രിസ്റ്റിയിലൂടെ കിട്ടിയ അവസരം ഗോളിൽ നിന്നും ഇഞ്ചുകൾ മാത്രം അകന്ന് പോയപ്പോൾ ഇഞ്ചുറി ടൈമിൽ ഡൈക്കിലൂടെ തുറന്നെടുത്ത കൗണ്ടർ അറ്റാക്ക് അവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ താരത്തിന്റെ ചിപ്പ് ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

Fsvty9vwaaamjar

രണ്ടാം പകുതിയിൽ കാര്യമായ മാറ്റങ്ങളോടെയാണ് സ്‌പെയിൻ കളത്തിൽ എത്തിയത്. എന്നാൽ ഒന്നാം പകുതിയുടെ ആവർത്തനമാണ് വീണ്ടും കണ്ടത്. 51 ആം മിനിറ്റിൽ ഇടത് വിങ്ങിലൂടെ എത്തിയ ക്രോസ് തടുക്കാൻ ഉള്ള സ്‌പെയിൻ പ്രതിരോധത്തിന്റെ ശ്രമത്തിൽ പന്ത് ഒരിക്കൽ കൂടി മക്ടോമിനെയുടെ കാലുകളിൽ എത്തിയപ്പോൾ താരത്തിന് ഇത്തവണയും പിഴച്ചില്ല. പിന്നീട് വലത് വിങ്ങിൽ നിക്കോ വില്യംസിലൂടെ സ്‌പെയിൻ പല തവണ എതിർ ബോക്സിൽ എത്തിയേക്കും വല കുലുക്കാൻ അവർക്കായില്ല. സ്കോട്ലാന്റ് പ്രതിരോധവും അടിയുറച്ചു നിന്നപ്പോൾ കീഴടങ്ങുകയല്ലാതെ സ്‌പെയിനിന് വഴിയുണ്ടായില്ല.