ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് റോയ് ഹോഡ്സൺ തിരികെയെത്തുന്നു. പാട്രിക് വിയേരയ്ക്ക് പകരക്കാരനായാണ് ക്രിസ്റ്റൽ പാലസ് വീണ്ടും റോയ് ഹോഡ്സണെ എത്തിക്കുന്നത്. 75കാരനായ റോയ് ഹോഡ്സൺ 2017 മുതൽ 2021 വരെ ക്രിസ്റ്റൽ പാലസ് പരിശീലകനായി ടച്ച് ലൈനിൽ ഉണ്ടായിരുന്നു. 2021ൽ വിരമിക്കൽ പ്രഖ്യാപിച്ചു എങ്കിലും ഒരു വർഷം മുമ്പ് വാറ്റ്ഫോർഡിന്റെ പരിശീലകനായും റോയ് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ആയിരുന്നു പാലസ് വിയേരയെ പുറത്താക്കിയത്. റിലഗേഷൻ ഭീഷണി കൂടെ ഉള്ള പാലസ് ലീഗിൽ തുടരുമെന്ന് ഉറപ്പിക്കാനാണ് റോയ് ഹോഡ്സണെ എത്തിക്കുന്നത്. ഈ സീസൺ അവസാനം വരെയേ റോയ് ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയുള്ളൂ. 45 വർഷത്തോളം പരിശീലകനായി പ്രവർത്തിച്ച ആളാണ് ഹോഡ്സൺ.
തന്റെ 29ആം വയസ്സു മുതൽ പരിശീലകനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഹോഡ്സൺ. 75കാരനായ റോയ് ഹോഡ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കോച്ചാകും. ഇന്റർ മിലാൻ, ലിവർപൂൾ, ഫുൾഹാം, ഉഡിനെസെ എന്ന് തുടങ്ങി യൂറോപ്പിലെ പല ക്ലബുകളെയും ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റ്, ഇംഗ്ലണ്ട് എന്നീ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.