ലയണൽ മെസ്സിയുടെ തിരിച്ചു വരവിന് വേണ്ടി ടീം കാത്തിരിക്കുകയാണെന്ന് സെർജി റോബർട്ടോ. എൽ ക്ലാസിക്കോയിൽ മാഡ്രിഡിനെ വീഴ്ത്തുന്നതിൽ നിർണായക സാന്നിധ്യം ആയ താരം മത്സര ശേഷം ജരാർഡ് റൊമേറോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. “തുറന്ന കൈകളുമായി മെസ്സിയെ ഞങ്ങൾ സ്വാഗതം ചെയ്യും. ആരാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കാത്തത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല. ആത്യന്തികമായി മെസ്സിയും കോച്ചും, പ്രസിഡന്റും ഒക്കെ തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. എന്നാൽ ഈ കാര്യത്തിൽ താരങ്ങളുടെ അഭിപ്രായം ഇതാണ്.” റോബർട്ടോ പറഞ്ഞു.
പിഎസ്ജി ഫാൻസിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാവുന്നത്തിനെ കുറിച്ചു ചോദിച്ചപ്പോൾ അത് എന്തു കൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ഗോളും അസിസ്റ്റുമായി മികച്ച സീസണിലൂടെയാണ് മെസ്സി കടന്ന് പോകുന്നത് എന്നും റോബർട്ടോ പറഞ്ഞു. “ചാമ്പ്യൻസ് ലീഗ് പുറത്താവലിന്റെ പഴി അദ്ദേഹത്തിന്റെ മുകളിൽ ചാരുകയാണ്. എന്നാൽ ഇത്രയും വലിയൊരു താരത്തിന് ഈ രീതിയിൽ അനുഭവം ഉണ്ടാവുന്നത് മോശമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടാവും. പക്ഷെ ഇവിടെ തിരിച്ചെത്തിയാൽ മെസ്സിയ്ക്ക് ഏറ്റവും അർഹിച്ച പരിഗണന തന്നെ ലഭിക്കും.” റോബർട്ടോ കൂട്ടിച്ചേർത്തു.