മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ നിരാശ. ഹോം ഗ്രൗണ്ടിൽ ഇന്ന് സതാമ്പ്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനില വഴങ്ങി. മത്സരത്തിൽ ഭൂരിഭാഗ സമയവും 10 പേരുമായി കളിക്കേണ്ടി വന്നതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ 34ആം മിനുട്ടിൽ യുണൈറ്റഡിന്റെ കസെമിറോ ചുവപ്പ് കാർഡ് കണ്ടിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഓൾഡ്ട്രാഫോർഡിൽ നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ഒരുപാട് മിസ്പാസുകളുമായി കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അലസരാായി കാണപ്പെട്ടു. ഡി ഹിയയുടെ ഒരു മികച്ച സേവ് വേണ്ടി വന്നു യുണൈറ്റഡിനെ ഒന്ന് ഉണർത്താൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ കളത്തിലേക്ക് തിരികെയെത്തി എങ്കിലും അപ്പോഴേക്ക് അവരുടെ മധ്യനിര താരം കസെമിറോ ചുവപ്പ് കാർഡ് കണ്ടു. തുടക്കത്തിൽ മഞ്ഞകാർഡ് കിട്ടിയ ഫൗൾ വാർ പരിശോധനക്ക് ശേഷം ചുവപ്പ് കാർഡ് കാണിക്കുക ആയിരുന്നു. 34ആം മിനുട്ടിൽ യുണൈറ്റഡ് 10 പേരായി ചുരുങ്ങി.
ഇതിനു ശേഷം ഇരുടീമുകൾക്കും അവസരങ്ങൾ ഏറെ കിട്ടിയ കളിയാണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ വാർഡ് പ്രോസിന്റെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ ഉരുമ്മി പുറത്ത് പോകുന്നത് കാണാൻ ആയിം അതിനു ശേഷം വൺ ഓൺ വണ്ണിൽ ഡി ഹിയയുടെ ഒരു ഗംഭീര സേവും കളി ഗോൾ രഹിതമായി നിർത്തി.
67ആം മിനുട്ടിൽ ബ്രൂണോയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിന്റെ ഇൻസൈഡിൽ തട്ടി പുറത്തു പോയത് യുണൈറ്റഡിന് നിരാശ നൽകി. 69ആം മിനുട്ടിൽ മറുവശത്ത് വാൽക്കർപീറ്റേഴ്സിന്റെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് പെൽസ്ട്രിയെയും ഗർനാചോയെയും കളത്തിൽ ഇറക്കി. മത്സരത്തിൽ ഒരുപാട് അവസരം വന്നു എങ്കിലും ഇരു പോസ്റ്റിലേക്കും ഗോൾ വന്നില്ല.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 26 മത്സരങ്ങളിൽ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. സതാമ്പ്ടൺ 22 പോയിന്റുമായി അവസാന സ്ഥാനത്തും നിൽക്കുന്നു.