പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് ആഴ്സണൽ ഒരു ചുവട് കൂടെ അടുത്തു. ഇന്ന് ഫുൾഹാമിനെ അവരുടെ നാട്ടിൽ ചെന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ആഴ്സണൽ ഒന്നാം സ്ഥാനത്ത് ലീഡ് ഒരിക്കൾ കൂടെ 5 പോയിന്റാക്കി ഉയർത്തി. ഹാട്രിക്ക് അസിസ്റ്റുമായി ട്രൊസാർഡ് ഇന്ന് ആഴ്സണലിന്റെ ഹീറോ ആയി.
ക്രേവൻ കോട്ടേജിൽ പല ടീമുകളും ഈ സീസണിൽ കഷ്ടപ്പെട്ടു എങ്കിലും ആഴ്സണൽ അങ്ങനെ ഒരു ബുദ്ധിമുട്ടും ഫുൾഹാമിന്റെ ഹോം ഗ്രൗണ്ടിൽ നേരിട്ടില്ല. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ആഴ്സണൽ പതിനാറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മുന്നിൽ എത്തി എങ്കിലും അത് വാർ നിഷേധിച്ചു. 22ആം മിനുട്ടിൽ ട്രൊസാർഡ് എടുത്ത ഒരു കോർണറിൽ നിന്ന് ഗബ്രിയേൽ ആഴ്സണലിന് ലീഡ് നൽകി. പിന്നെ ഗോൾ ഒഴുകുക ആയിരുന്നു.
26ആം മിനുട്ടിൽ വീണ്ടും ട്രൊസാർഡിന്റെ അസിസ്റ്റ് ഇത്തവണ മാർട്ടിനെല്ലിയുടെ ഫിനിഷ്. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാനം ട്രൊസാർഡ് വീണ്ടും അവസരം ഒരുക്കി. ഒഡെഗാർഡിന്റെ ഫിനിഷിൽ ആഴ്സണൽ 3-0ന് മുന്നിൽ. ആദ്യ പകുതിക്ക് മുമ്പ് തന്നെ 3 പോയിന്റ് ഉറപ്പിച്ച അവസ്ഥ. രണ്ടാം പകുതിയിൽ സമ്മർദ്ദം ഇല്ലാതെ കളിച്ച് ആഴ്സണൽ വിജയവുമായി മടങ്ങി.
ഈ വിജയത്തോടെ ആഴ്സണൽ വീണ്ടും ഒന്നാം സ്ഥാനത്തുള്ള ലീഡ് 5 പോയിന്റ് ആക്കി ഉയർത്തി. 27 മത്സരങ്ങളിൽ നിന്ന് ആഴ്സണലിന് 66 പോയിന്റാണുള്ളത്. ഫുൾഹാം 39 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.