പാകിസ്താൻ സൂപ്പർ ലീഗിൽ ഇന്ന് ഒരൊറ്റ മത്സരത്തിൽ മാത്രം ഒഴുകിയത് 516 റൺസാണ്. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ മത്സരമായി ഈ മത്സരം മാറി. മുൾത്താൻ സുൽത്താൻസ് ഉയർത്തിയ 263 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 253/8 വരെ എടുത്തു. അവർ 9 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ബാറ്റർമാരുടെ പറുദീസ ആയി മാറിയ പിച്ചിൽ ബൗളർമാർക്ക് ഒരു അവസരവും ഉണ്ടായിരുന്നില്ല.
36 പന്തിൽ നിന്ന് 67 റൺസ് എടുത്ത ഒമൈർ യൂസുഫും 31 പന്തിൽ 53 റൺസ് എടുത്ത ഇഫ്തിഖ്ഹാർ അഹമ്മദും ആണ് ഗ്ലാഡിയേറ്റേഴ്സിനെ ഇത്ര അധികം റൺസ് എടുക്കാൻ സഹായിച്ചത്. മുൾത്താൻസിനായി അബ്ബാസ് അഫ്രീദി ഇന്ന് ഒരു ഹാട്രിക്ക് അടക്കം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിന് 262 റൺസ് ആണ് അടിച്ചു കൂട്ടിയത്. പി എസ് എല്ലിലെ ഏറ്റവും വലിയ സ്കോറായിരുന്നു ഇത്.
ഉസ്മാൻ ഖാന്റെ തകർപ്പൻ ബാറ്റിംഗാണ് മുൾത്താനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്. 36 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചു കൊണ്ട് പി എസ് എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാൻ ഉസ്മാന് ഇന്നായി. 43 പന്തിൽ നിന്ന് 12 ഫോറും 9 സിക്സുമായി 120 റൺസുമായാണ് ഉസ്മാൻ പുറത്തായത്.
29 പന്തിൽ നിന്ന് 55 റൺസ് എടുത്ത റിസുവാൻ, 9 പന്തിൽ 15 എടുത്ത റിലി റുസോ, 25 പന്തിൽ 43 എടുത്ത ടിം ഡേവിഡ്, 14 പന്തിൽ 23 എടുത്ത പൊള്ളാർഡ് എന്നിവരും മുൾത്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളർ ക്വായിസ് 4 ഓവറിൽ നിന്ന് 77 റൺസ് വഴങ്ങി എങ്കിലും 2 വിക്കറ്റ് വീഴ്ത്താൻ ആയി.