നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പർസ്. കെയ്ൻ രണ്ടു തവണ വലകുലുക്കിയപ്പോൾ സോൺ മറ്റൊരു ഗോൾ കണ്ടെത്തി. വോറൽ ആണ് നോട്ടിങ്ഹാമിനായി ഗോൾ നേടിയത്. ടോട്ടനം നാലാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് ലിവർപൂൾ തോറ്റതിനാൽ നാലാം സ്ഥാനത്ത് ആറു പോയിന്റ് ലീഡ് നേടാനും സ്പർസിനായി. നോട്ടിങ്ഹാം പതിനാലാമതാണ്.
ചാമ്പ്യൻസ് ലീഗ് പുറത്താവലിന് പിറകെ റിച്ചാർലിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടനം കളത്തിൽ ഇറങ്ങിയത്. കെയിനിന്റയെയും സോണിന്റെയും ഗോളിന് ചരട് വലിച്ചു താരം തിളങ്ങുകയും ചെയ്തു. രണ്ടാം മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ഗോൾ നേടിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങിയിരുന്നു. പത്തൊൻപതാം മിനിറ്റിൽ പെഡ്രോ പൊറോ ഉയർത്തിയിട്ട ബോളിൽ ഹെഡർ ഉതിർത്ത് കെയ്ൻ വല കുലുക്കി. പിന്നീട് മുപ്പത്തിയഞ്ചാം മിനിറ്റിൽ റിച്ചാലിസനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയും കെയ്ൻ തന്നെ വലയിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ സോണിന്റെ ഗോളിൽ ടോട്ടനം മത്സരം അരക്കിട്ടുറപ്പിച്ചു. ഇത്തവണയും ബ്രസീലിയൻ താരത്തിന്റെ നീക്കങ്ങൾ ആണ് ഗോളിൽ കലാശിച്ചത്. കൗണ്ടറിൽ ഓടിക്കയറി റിച്ചലിസൻ നൽകിയ ക്രോസ് ആണ് സോൺ വലയിൽ എത്തിച്ചത്. ഇഞ്ചുറി ടൈമിൽ കുലുസേവ്സ്കിയുടെ ഹാന്റ്ബോളിൽ ലഭിച്ച പെനാൽറ്റി അയ്യു എടുത്തെങ്കിലും ടോട്ടനം കീപ്പർ ഫോസ്റ്റർ തടുത്തിട്ടു.