ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ സ്പർസിൽ പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ ഭാവി തുലാസിൽ. സീസണിന്റെ അവസാനത്തോടെ സ്പർസിൽ കൊണ്ടേയുടെ കരാർ അവസാനിക്കിനിരിക്കെയാണ് ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പർസ് പുറത്തായത്.
ഇന്നലെ നടന്ന രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ എ.സി മിലാനെതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങി സ്പർസ് പുറത്തായിരുന്നു. മിലാനിൽ നടന്ന ആദ്യ പാദത്തിൽ സ്പർസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്പർസ് തോറ്റിരുന്നു. ഇതോടെ ഈ സീസണിൽ കിരീടം നേടാനുള്ള സ്പർസിന്റെ സാധ്യതകൾ അവസാനിക്കുകയും ചെയ്തിരുന്നു.
നിലവിൽ ജൂൺ 30ന് സ്പർസിൽ കൊണ്ടേയുടെ കാലാവധി അവസാനിക്കും. കൊണ്ടേയുടെ കരാർ ഒരു വർഷം കൂടെ നീട്ടാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും സീസണിന്റെ അവസാനം ഈ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കൊണ്ടേ പറഞ്ഞത്.
2021 നവംബറിലാണ് സ്പർസ് പരിശീലകനായി കൊണ്ടേ എത്തുന്നത്. കഴിഞ്ഞ സീസണിൽ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുത്തെങ്കിലും ഇത്തവണ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സ്പർസിനായിരുന്നില്ല.