മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ പുതിയ മാനേജർ എറിക് ടെൻ ഹാഗിനെ പ്രശംസിച്ചു, ചുരുങ്ങിയ സമയത്തിനുള്ളിൽ ക്ലബ്ബിനെ പുനർനിർമ്മിച്ച രീതിക്ക് അദ്ദേഹം ടെൻ ഹാഗിനെ അഭിനന്ദിച്ചു. വെംബ്ലി സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 2022/23 EFL കപ്പ് ഫൈനലിൽ വിജയിച്ച് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ റെഡ് ഡെവിൾസ് തങ്ങളുടെ ആദ്യ ട്രോഫി നേടിയിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു കീൻ.
ടീമിന്റെ പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിന് ടെൻ ഹാഗിനായി എന്ന് കീൻ പറഞ്ഞു. നിരാശാജനകമായ വർഷങ്ങൾക്ക് ശേഷം ക്ലബ് പുനർനിർമ്മിക്കുന്നതിനുമാണ് ടെൻ ഹാഗിനെ കൊണ്ടുവന്നത്. കഴിഞ്ഞ കാലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു എന്ന് കീൻ സമ്മതിച്ചു. ആ ടീമുകളുടെ പ്രശ്നങ്ങൾ ആണ് താൻ ചൂണ്ടിക്കാട്ടി കൊണ്ടിരുന്നത്. അദ്ദേഹം പറഞ്ഞു.
എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെൻ ഹാഗ് ചെയ്ത കാര്യങ്ങൾ അതിശയകരമാണ് എന്ന്
അദ്ദേഹം പ്രസ്താവിച്ചു. ടെൻ ഹാഗ് വന്നത് മുതൽ ടീമിന്റെ റിക്രൂട്ട്‌മെന്റുകളും മെച്ചപ്പെട്ടു എന്ന് കീൻ പറയുന്നു.