ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. മൂന്നാം സ്ഥാനക്കാരായ യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് തകർത്തത്. ചൗപോ മോട്ടിംഗും കിംഗ്സ്ലി കോമനും മുസിയാലയുമാണ് ബയേണിനായി ഗോളടിച്ചത്. തോമസ് മുള്ളർ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ കോമൻ ഒരു ഗോളും ഒരു അസിസ്റ്റും നൽകി. ഈ ജയത്തോട് കൂടി ഗോൾ ഡിഫ്രൻസ് കാരണം ഡോർട്ട്മുണ്ടിന് മുൻപിൽ, പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.
ജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ബയേൺ മ്യൂണിക്ക് യൂണിയൻ ബെർലിന്‍ എതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആദ്യ ഗോൾ പിറന്നത് ചൗപോ മോട്ടിംഗിലൂടെയായിരുന്നു. കോമന്റെ ക്രോസ് ഹെഡ്ഡ് ചെയ്ത് എറിക് ജീൻ മാക്സും ചൗപോ മോട്ടിംഗ് ബയേണിന് ലീഡ് നൽകി. വൈകാതെ തന്നെ ബയേണിനായി 430ആം മത്സരത്തിനായി ബൂട്ടണിഞ്ഞ മുള്ളർ കോമന്റെ ഗോളിനും വഴിയൊരുക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ പിറന്നാൾ ആഘോഷിക്കുന്ന മുസിയലയുടെ ഗോളിനും മുള്ളർ അസിസ്റ്റ് നൽകി. 110 ദിവസങ്ങൾക്ക് ശേഷം സാഡിയോ മാനെ കളത്തിൽ തിരികെയെത്തിയതും ബയേണിന് ആശ്വാസമായി.
ഈ വർഷത്തെ യൂണിയൻ ബെർലിന്റെ ആദ്യ തോൽവി ആയിരുന്നു ഇന്നത്തേത്. ബുണ്ടസ് ലീഗയിൽ ഇതുവരെ ബയേൺ മ്യൂണിക്കിനോട് ജയിക്കാൻ യൂണിയൻ ബെർലിനായിട്ടില്ല.