വൻവിജയവുമായി ചെന്നൈ ബ്ലിറ്റ്‌സിന്റെ വഴിയടച്ച്‌ കാലിക്കറ്റ്‌ ഹീറോസ്‌

Newsroom

Picsart 23 02 24 21 34 23 795
Download the Fanport app now!
Appstore Badge
Google Play Badge 1

കാലിക്കറ്റ്‌ ഹീറോസ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി

കൊച്ചി: എ23 പ്രൈം വോളിബോൾ ലീഗ്‌ രണ്ടാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ കാലിക്കറ്റ്‌ ഹീറോസ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി കുതിച്ചു. തോൽവിയോടെ ചെന്നൈ ബ്ലിറ്റ്‌സ്‌ പുറത്തായി. കൊച്ചി റീജിയണൽ സ്‌പോർട്‌സ്‌ സെന്ററിൽ നടന്ന കളിയിൽ ആദ്യ സെറ്റ്‌ നഷ്ടമായ ശേഷമായിരുന്നു കാലിക്കറ്റിന്റെ തിരിച്ചുവരവ്‌. സ്‌കോർ: 13‐15, 15‐8, 15‐14, 15‐13, 8‐15. കളംനിറഞ്ഞുകളിച്ച കാലിക്കറ്റ്‌ ഹീറോസിന്റെ ജെറോം വിനിതാണ്‌ കളിയിലെ താരം.

Picsart 23 02 24 21 34 42 633

പിഴവുകളിലൂടെയായിരുന്നു മത്സരത്തിന്റെ തുടക്കം. കാലിക്കറ്റിന്റെ കൃത്യമായ പ്രതിരോധത്തെ മറികടന്ന്‌ ചെന്നൈ ആദ്യ ഗെയിം സ്വന്തമാക്കി. നവീൻരാജ ജേക്കബും തുഷാർ ലവാരെയും ചേർന്നുള്ള കൂട്ടുകെട്ട്‌ ചെന്നൈ നിരയിൽ തിളങ്ങി. അഖിന്റെ അതിമനോഹര സ്‌പൈക്കിൽ ചെന്നൈ സെറ്റ്‌ പിടിച്ചു. ആദ്യ സെറ്റ്‌ 15‐13ന്‌ അവർ നേടി.

രണ്ടാം ഗെയിമിൽ കാലിക്കറ്റ്‌ ഉഗ്രരൂപം പൂണ്ടു. ജോസ്‌ അന്റോണിയോ സാൻഡോവലും അബിൽ കൃഷ്‌ണൻ എം പിയും ചേർന്ന്‌ ചെന്നൈയുടെ നീക്കങ്ങളെ നിർവീര്യമാക്കി. രണ്ടാം ഗെയിം 15‐8നാണ്‌ കാലിക്കറ്റ്‌ സ്വന്തമാക്കിയത്‌. ജോബിൻ വർഗീസും ബാക്ക്‌ നിരയും തമ്മിലുള്ള ഒത്തിണക്കം നഷ്ടമായതാണ്‌ ചെന്നൈക്ക്‌ തിരിച്ചടിയായത്‌.

മൂന്നാം സെറ്റ്‌ ഒപ്പത്തിനൊപ്പമായിരുന്നു. ചെന്നൈക്കായി ജോബിൻ വർഗീസ്‌ തകർപ്പൻ സ്‌പൈക്ക്‌ തൊടുത്തപ്പോൾ കാലിക്കറ്റ്‌ വിരണ്ടു. കാലിക്കറ്റ്‌ ഉടൻ മറുപടി നൽകി. അബിലിന്റെ കരുത്തുറ്റ സ്‌പൈക്ക്‌. ഇതിനിടെ ജോബിന്റെ സെർവ്‌ പുറത്തുപോയി. ചെന്നൈയുടെ സ്‌പൈക്ക്‌ ഉക്രപാണ്ഡ്യനും എം അശ്വിൻ രാജും ചേർന്ന്‌ മനോഹരമായി തടുത്തിട്ടു. മോയോ കരുത്തുറ്റ സ്‌പൈക്കുകളുമായി ചെന്നൈക്കായി കളംനിറഞ്ഞു. ഒരു തവണ ഉക്രപാണ്ഡ്യന്റെ സൂപ്പർ ബ്ലോക്ക്‌ മോയോയെ നിഷ്‌പ്രഭനാക്കി. കളിയിൽ കാലിക്കറ്റ്‌ ആധിപത്യം ഉറപ്പിച്ചു. ജെറോം വിനീതിന്റെ എണ്ണംപറഞ്ഞ സ്‌പൈക്കിൽ കാലിക്കറ്റ്‌ ലീഡ്‌ ഉയർത്തുകയായിരുന്നു. ഇതിനിടെ രമൺകുമാറിന്റെ സ്‌പൈക്ക്‌ ജെറോം വിനീതും സൻഡോവലും തടയാൻ ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. ഇടയ്‌ക്ക്‌ പിഴവുകൾ വരുത്തിയെങ്കിലും ചെന്നൈ സെറ്റിൽ പിടിച്ചുനിന്നു. അവർ ലീഡ്‌ കുറച്ചു. മോയോയുടെ പോയിന്റ്‌ ചെന്നൈ ഒപ്പമെത്തി. കാലിക്കറ്റ്‌വിട്ടുകൊടുത്തില്ല. അശ്വിന്റെ സ്‌പൈക്കിൽ ലീഡ്‌ നിലനിർത്തി. പിന്നാലെ സാൻഡോവലിന്റെ സൂപ്പർ സ്‌പൈക്കിൽ ചെന്നൈ പതറി. പക്ഷേ,സിതാരാമ രാജുവിന്റെ ബ്ലോക്കിൽ ഒരിക്കൽക്കൂടി ചെന്നൈ ഒപ്പമെത്തി. 14‐14ൽവച്ച്‌ ജെറോം വിനീതിന്റെ സ്‌പൈക്ക്‌ ചെന്നൈ താരങ്ങളിൽ തട്ടി പുറത്തുപോയതോടെ ആവേശകരമായ മൂന്നാം സെറ്റ്‌ കാലിക്കറ്റിന്‌ കിട്ടി.

Picsart 23 02 24 21 34 53 751

നാലാം സെറ്റിൽ കാലിക്കറ്റ്‌ തുടക്കത്തിൽതന്നെ ലീഡ്‌ നേടി. എന്നാൽ അഖിന്റെ സ്‌പൈക്കിൽ ചെന്നൈ തിരിച്ചടിച്ചു. സാൻഡോവലിനെ ആക്രമണത്തിനായി ഉക്രപാണ്ഡ്യൻ സജ്ജനാക്കിയപ്പോൾ കാലിക്കറ്റ്‌ ലീഡ്‌ കുറിച്ചു. ആക്രമണത്തിന്‌ ഷഫീഖും അണിച്ചേർന്നതോടെ അവർ ലീഡുയർത്തുകയും ചെയ്‌തു. ഉക്രപാണ്ഡ്യൻ ജെറോമിനെ ആക്രമണത്തിന്‌ സജ്ജനാക്കി. ഇതിനിടെ റെനാറ്റോ മെൻഡസന്റെ പിഴവും കാലിക്കറ്റിനെ സഹായിച്ചു. ഉക്രയും ഷഫീഖും ചേർന്നുള്ള ഡബിൾ ബ്ലോക്ക്‌ അക്ഷരാർഥത്തിൽ ചെന്നൈയുടെ വഴിയടച്ചു. മനോഹരമായ റാലിയിൽ കാലിക്കറ്റിന്‌ വേണ്ടി സാൻഡോവൽ തകർത്തുകളിച്ചെങ്കിലും അഖിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രഭാകരന്‌ പിടിച്ചുനിൽക്കാനായില്ല. വിട്ടുകൊടുക്കാതെ ഇരു സംഘങ്ങളും പോരടിച്ചപ്പോൾ കാണികൾക്ക്‌ അതിന്‌ കണ്ണിനുവിരുന്നായി. ഇതിനിടെ സാൻഡോവലിന്റെ സെർവീസ്‌ പിഴവിൽ കാലിക്കറ്റ്‌ ചെന്നൈക്ക്‌ പോയിന്റ്‌ വിട്ടുകൊടുത്തു. സൂപ്പർ പോയിന്റ അവസരത്തിൽ ജെറോമിന്റെ മികവിൽ കാലിക്കറ്റ്‌ ലീഡുയർത്തി. മറുവശത്ത്‌ ചെന്നൈയും സൂപ്പർ പോയിന്റ്‌ അവസരം കൃത്യമാക്കി. മോയോ തൊടുത്തപ്പോൾ പോയിന്റ്‌ നില വീണ്ടും ഒപ്പത്തിനൊപ്പമായി. പക്ഷേ, ചെന്നൈയുടെ സ്‌പൈക്ക്‌ ദിശതെറ്റി പുറത്തായതോടെ സെറ്റും മത്സരവും കാലിക്കറ്റിന്റെ കൈയിൽവന്നു. 15‐13നായിരുന്നു ജയം. ചെന്നൈ മടങ്ങി.

ഉക്രയുടെ സെർവീസ്‌ പിഴവിലൂടെയാണ്‌ നാലാം സെറ്റ്‌ കാലിക്കറ്റ്‌ തുടങ്ങിയത്‌. എന്നാൽ സാൻഡോവലും ജെറോമും അശ്വിനും ചേർന്ന്‌ കാലിക്കറ്റിനെ നയിച്ചു. മറുവശത്ത്‌ മോയോയും അഖിനുമായിരുന്നു ചെന്നൈക്ക്‌ പോയിന്റുകൾ നൽകിയത്‌. റെനാറ്റോയുടെ സ്‌പൈക്കുകളിൽ അവർ കളംപിടിച്ചു. ചെന്നൈ ബ്ലിറ്റ്‌സ്‌ 15‐8ന്‌ അവസാന സെറ്റ്‌ നേടി.

റുപേ പ്രൈംവോളിബോൾ ലീഗ്‌ മൂന്നാംപാദത്തിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരിൽ ഇന്ന് (2023 ഫെബ്രുവരി 24) കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. കേരളത്തിലെ രണ്ട്‌ ടീമുകൾ മുഖാമുഖം വരുന്ന പോരിന്‌ കാണികൾക്കൊപ്പം കളിക്കാരും ആവേശത്തിലാണ്‌. കാലിക്കറ്റ്‌ അഞ്ച്‌ കളിയിൽ നാലും ജയിച്ചപ്പോൾ കൊച്ചിക്ക്‌ നാല്‌ കളിയിലും ജയംനേടാനായിട്ടില്ല.
കൊച്ചി റീജിയണൽ സ്‌പോർട്‌സ്‌ സെന്ററിൽ രാത്രി ഏഴ്‌ മണിക്കാണ്‌ കളി.