കഴിഞ്ഞ വർഷം രണ്ട് “വലിയ” പരിക്കുകൾ നേരിട്ട ദീപക് ചാഹർ താൻ പരിക്ക് മാറി എത്തി എന്ന് അറിയിച്ചു. മാർച്ച് 31 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ആകും താരത്തിന്റെ തിരിച്ചുവരവ്. അതിനായി ഒരുങ്ങുകയാണ് എന്നും ഇന്ത്യൻ പേസർ പറയുന്നു. 30 കാരനായ ഫാസ്റ്റ് ബൗളർക്ക് പരുക്ക് അവസാന വർഷങ്ങളിൽ ഏറെ പ്രയാസങ്ങൾ നൽകിയിരുന്നു. ബംഗ്ലാദേശിൽ നടന്ന ഏകദിനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് മൂന്ന് ഓവർ എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങുകയായിരുന്നു.
2022ൽ 15 മത്സരങ്ങളിൽ മാത്രമേ ചാഹറിന് കളിക്കാനായിരുന്നുള്ളൂ. പരിക്ക് മൂലം ടി20 ലോകകപ്പിൽ നിന്ന് അദ്ദേഹം പുറത്തായി. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്നു താരത്തിന്റെ പുനരധിവാസം. ചാഹർ ചെന്നൈ സൂപ്പർ കിംഗ്സിനെ ആകും ഐ പി എല്ലിൽ പ്രതിനിധീകരിക്കുക.
“കഴിഞ്ഞ രണ്ട് മൂന്ന് മാസമായി എന്റെ ഫിറ്റ്നസിനായി ഞാൻ കഠിനാധ്വാനം ചെയ്യുന്നു, ഞാൻ പൂർണ ആരോഗ്യവാനാണ്, ഐപിഎല്ലിനായി ഇപ്പോൾ നന്നായി തയ്യാറെടുക്കുന്നു,” ചഹർ പിടിഐയോട് പറഞ്ഞു.