ഫുട്ബോൾ ലോകത്തെ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ പൂർണ്ണമായും സ്വന്തമാക്കാൻ ആയി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി ബിഡ് സമർപ്പിച്ചു. കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ബിഡ് എന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ജാസിം ബിൻ ഹമദ് അറിയിച്ചു.
ബിഡ് പൂർണമായും കടരഹിതമായിരിക്കും എന്ന് പ്രസ്താവനയിൽ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്.
ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബായി തിരികെയെത്തിക്കുക ആണ് ബിഡിന്റെ ലക്ഷ്യം എന്ന് പ്രസ്താവനയിൽ പറയുന്നു.