ക്രിസ്റ്റൽ പാലസിനെതിരെ പോയിന്റ് പങ്കു വെച്ച് ബ്രൈറ്റൺ

Nihal Basheer

കളത്തിൽ ആധിപത്യം ഉണ്ടായിട്ടും അത് ഫലമാക്കി മാറ്റാൻ സാധിക്കാതെ വന്നപ്പോൾ ക്രിസ്റ്റൽ പലസിനെതിരെ ബ്രൈറ്റണിന് നിരാശജനകമായ സമനില. പാലസിന്റെ തട്ടകത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു. പോയിന്റ് പട്ടികയിൽ ക്രിസ്റ്റൽ പാലസ് പന്ത്രണ്ടാമതും ബ്രൈറ്റൺ ആറാമതും ആണ്.

20230211 224907

ആദ്യ പകുതിയിൽ ഇരു ടീമുകളും തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. എങ്കിലും ബ്രൈറ്റൺ തന്നെ ആയിരുന്നു മുൻതൂക്കം. എസ്‌തുപിയന്റെ ഗോളിൽ അവർ മുന്നിലെത്തിയെങ്കിലും വാർ ചെക്കിൽ ഓഫ്സൈഡ് വിധിച്ചു. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചു മത്സരം വരുതിയിലാക്കാൻ ബ്രൈറ്റണായി. അറുപത്തി മൂന്നാം മിനിറ്റിൽ ബ്രൈറ്റൺ ലീഡ് എടുത്തു. എസ്തുപിയന്റെ ക്രോസിൽ നിന്നും മാർഷ് ആണ് വല കുലുക്കിയത്. എന്നാൽ വെറും ആറു മിനിറ്റിനു ശേഷം ക്രിസ്റ്റൽ പാലസ് സമനില ഗോൾ കണ്ടെത്തി. ഒലിസെയുടെ ക്രോസ് തടയുന്നതിൽ സാഞ്ചസിന് പിഴച്ചപ്പോൾ ടോംകിൻസ് വളകുലുക്കുകയായിരുന്നു. പിന്നീടും ബ്രൈറ്റണിന് അവസരങ്ങൾ വന്നെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ബ്രൈറ്റൺ ഏഴോളം തവണ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ചപ്പോൾ ഒരേയൊരു തവണ മാത്രമാണ് ക്രിസ്റ്റൽ പാലസിന്റെ ശ്രമം ലക്ഷ്യത്തിലേക്കു നേരെ വന്നത്. മത്സരം മുഴുവൻ കൈയ്യിൽ ഉണ്ടായിട്ടും പോയിന്റ് നഷ്ടപ്പെടുത്തിയത് ബ്രൈറ്റണിന് വലിയ നിരാശ നൽകും.