റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പിച്ചു.
ബംഗളൂരു, ഫെബ്രുവരി 09: ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആതിഥേയ കാണികളെ നിരാശരാക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് എ23 റുപേ െ്രെപം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ വിജയം. ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-2ന് തോല്‍പ്പിച്ചു. സ്‌കോര്‍: 14-15, 15-10, 14-15, 15-10, 15-10. മിഡില്‍ ബ്ലോക്കര്‍മാരായ മുജീബും സ്രജന്‍ യു ഷെട്ടിയും മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍, ഡേവിഡ് ലീയുടെ പരിശീലനത്തിനിറങ്ങിയ ബെംഗളൂരു ടീം നിരവധി അനാവശ്യ പിഴവുകള്‍ വരുത്തിയത് വിനയായി. ജയത്തോടെ അഹമ്മദാബാദിന് രണ്ടു പോയിന്റായി. അഹമ്മദാബാദ് ഡിഫന്റേഴ്‌സിന്റെ എല്‍.എം മനോജാണ് കളിയിലെ മികച്ച താരം.
എസ് സന്തോഷിലൂടെ അഹമ്മദാബാദാബാദ് ഡിഫന്‍ഡേഴ്‌സാണ് മത്സരത്തിലെ ആദ്യ പോയിന്റ് നേടിയത്. എന്നാല്‍ ഷ്വെറ്റെലിന്‍ സ്വെറ്റനോവിന്റെയും, നായകന്‍ പങ്കജ് ശര്‍മയുടെയും ഇരട്ട ബ്ലോക്കുകള്‍ ബെംഗളൂരുവിന് അനുകൂലമായി. മിഡില്‍ ബ്ലോക്കറായ എം.സി മുജീബിന്റെ മികവും ടീമിന് ഗുണം ചെയ്തു. ആദ്യ മത്സരത്തില്‍ സെര്‍വില്‍ നിരവധി പിഴവുകള്‍ വരുത്തിയ ബെംഗളൂരു അഹമ്മദാബാദിനെതിരെയും പിഴവുകള്‍ ആവര്‍ത്തിച്ചു. ഐബിന്‍ ജോസിന്റെ ഫൗള്‍ സെര്‍വുകള്‍ എതിരാളികള്‍ക്ക് മുന്നേറ്റം നല്‍കി. എന്നാല്‍ സ്രജന്‍ ഷെട്ടിയുടെയും മുജീബിന്റെയും ബ്ലോക്കിങ് മികവില്‍ ബെംഗളൂരു ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ ശക്തമായ സ്മാഷുകളിലൂടെ അംഗമുത്തു മത്സരത്തിന്റെ ഗതിമാറ്റി. ഡാനിയല്‍ മൊതാസെദിയുടെ സ്‌പൈക്കും ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവുവിന്റെ ബ്ലോക്കും അഹമ്മദാബാദിനെ രണ്ടാം സെറ്റ് സ്വന്തമാക്കാനും സ്‌കോര്‍ സമനിലയാക്കാനും സഹായിച്ചു. ഡാനിയലിനെ മധ്യനിരയില്‍ പ്ലേമേക്കറായി ഉപയോഗിച്ചതോടെ അഹമ്മദാബാദിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടി, ഇത് ആതിഥേയ ടീമില്‍ സമ്മര്‍ദം സൃഷ്ടിച്ചു. ബെംഗളൂരുവിന്റെ മിഡില്‍ ബ്ലോക്കര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ ഷ്വെറ്റനോവ് ഈ സീസണിലെ ബെംഗളുരുവിന്റെ ആദ്യ സൂപ്പര്‍ സെര്‍വ് നേടിയതോടെ കളിമാറി. രണ്ട് തകര്‍പ്പന്‍ സ്‌പൈക്കുകള്‍ കൂടി വന്നതോടെ ബെംഗളുരു മൂന്നാം സെറ്റ് നേടി. ബള്‍ഗേറിയന്‍ താരമായ ഷ്വെറ്റനോവ് തീപ്പൊരി സ്മാഷുകള്‍ ഉതിര്‍ക്കുകയും, ഇറാനിയന്‍ താരം ഡാനിയല്‍ മൊതാസെദി അതിന് ശക്തമായി തടയിടുകയും ചെയ്തതോടെ മത്സരം കൂടുതല്‍ ആവേശകരമായി.
സന്തോഷിന്റെ ഒരു സൂപ്പര്‍ സെര്‍വ് നാലാം സെറ്റില്‍ മത്സരം ഒപ്പം പിടിക്കാമെന്ന ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇടിമുഴക്കം തീര്‍ത്ത സ്‌പൈക്കിലൂടെ സന്തോഷ് നാലാം സെറ്റും മത്സരവും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് അനുകൂലമാക്കി. ഇതോടെ വിജയ നിശ്ചയം അഞ്ചാം സെറ്റിലേക്ക് നീണ്ടു.
ഷ്വെറ്റനോവിന്റെ ബ്ലോക്ക് അവസാന സെറ്റില്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് നിര്‍ണായക പോയിന്റ് നല്‍കി. മികച്ച സ്‌പൈക്കിലൂടെ സ്രജന്‍ ആതിഥേയര്‍ക്ക് തുടക്കത്തിലേ ലീഡും നല്‍കി. എന്നാല്‍ ആതിഥേയര്‍ അണ്‍ഫോഴ്‌സ്ഡ് പിഴവുകള്‍ ആവര്‍ത്തിച്ചതോടെ ഡിഫന്‍ഡേഴ്‌സ് ലീഡെടുത്തു. നന്ദഗോപാലിന്റെയും ഡാനിയലിന്റെയും തുടര്‍ച്ചയായ ഫൗള്‍ സെര്‍വുകള്‍ പോയിന്റ് സമനിലയിലാക്കിയെങ്കിലും മനോജിന്റെയും, അംഗമുത്തുവിന്റെയും വീരപ്രകടനത്തോടെ മത്സരവും സെറ്റും ഡിഫന്‍ഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
2023 ഫെബ്രുവരി 10ന് കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിലെ ഏഴാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചിരുന്നു. സീസണിലെ പുതുമുഖമായ മുംബൈ, കാലിക്കറ്റ് ഹീറോസിനോടും തോല്‍വി വഴങ്ങിയിരുന്നു.